| Friday, 14th November 2025, 12:45 pm

ബീഹാര്‍; എന്‍.ഡി.എ മുന്നേറ്റം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രത്തെ കുറിച്ച് മൗനത്തില്‍: കെ.ടി. കുഞ്ഞിക്കണ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. ബീഹാറിലെ എന്‍.ഡി.എ മുന്നേറ്റം ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പുകളെയും ഹൈജാക്ക് ചെയ്യുന്ന ഫാസിസ്റ്റ് തന്ത്രത്തെ കുറിച്ച് മൗനം പാലിക്കുകയാണെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.ടി. കുഞ്ഞിക്കണ്ണന്റെ പ്രതികരണം.

എസ്.ഐ.ആറിന്റെ അവിശുദ്ധമായ ആനുകൂല്യമാണോ ബീഹാറിലെ വിധിയെ നിര്‍ണയിച്ചതെന്ന ചോദ്യം ഗൗരവതരമായി തന്നെ ഉയര്‍ന്നുവരുന്നുണ്ടെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ
തെരഞ്ഞെടുപ്പ് കമീഷന്റെ പ്രസ്താവനകളിലെ വൈരുധ്യങ്ങളെ തുറന്നുക്കാട്ടി രംഗത്തുവന്നിട്ടുണ്ടെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ കുറിപ്പില്‍ ബീഹാറിലെ ആകെ വോട്ടര്‍മാരുടെ എണ്ണം ഏഴ് കോടി 42 ലക്ഷമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം 45 ലക്ഷം വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മീഷന്റെ കമ്മീഷന്‍ കുറിപ്പില്‍ പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതായത് ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ ഉള്ളതിനേക്കാള്‍ മൂന്ന്
ലക്ഷത്തിലേറെ വോട്ട് പോള്‍ ചെയ്തുവെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ തന്നെ പറയുന്നത്. മഹാസഖ്യത്തിനുണ്ടായ തിരിച്ചടികളെ സംബന്ധിച്ച ആത്മവിമര്‍ശനപരമായ പരിശോധനകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തേണ്ടതുണ്ടെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും എസ്.ഐ.ആറിനുമെതിരായ പ്രതിരോധ ശക്തമാക്കേണ്ടതിന്റെ രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് ബീഹാര്‍ ഫലം ഓര്‍മിപ്പിക്കുന്നതെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ പ്രതികരിച്ചു.

നിലവില്‍ ബീഹാറിലെ വോട്ടെണ്ണല്‍ തുടരുകയാണ്. 190 സീറ്റുകളില്‍ എന്‍.ഡി.എയാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും എന്നതിനേക്കാള്‍ ഉപരി, ഏറ്റവും വലിയ ഒറ്റ കക്ഷിയാരാകുമെന്ന മത്സരത്തില്‍ സഖ്യകക്ഷികളായ ബി.ജെ.പിയും ജെ.ഡി.യുവുമാണ് പരസ്പരം മത്സരിക്കുന്നത്.

ആദ്യഘട്ടത്തില്‍ ആര്‍.ജെ.ഡി വലിയ ലീഡ് നിലനിര്‍ത്തിയെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടതോടെ ലീഡ് ഗണ്യമായി കുറയുകയായിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും മോശം പ്രകടനമാണ് ബീഹാറില്‍ കോണ്‍ഗ്രസ് കാഴ്ചവെക്കുന്നത്. നാല് സീറ്റുകളില്‍ ഇടതുപാര്‍ട്ടികളും ലീഡ് നിലനിര്‍ത്തുന്നുണ്ട്.

Content Highlight: Bihar; Media celebrating INDIA’s progress is silent on fascist strategy to hijack democracy: KT Kunhikannan

We use cookies to give you the best possible experience. Learn more