| Wednesday, 30th July 2025, 4:24 pm

ആദ്യം ഡോഗ് ബാബു, ഇപ്പോ ഡോഗേഷ് ബാബു; ബീഹാറില്‍ നായയ്ക്കായി വീണ്ടും റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്‌ അപേക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറ്റ്ന: ബീഹാറില്‍ നായയ്ക്ക് റസിന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ വീണ്ടും മറ്റൊരു നായയ്ക്ക് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ. ഇത്തവണ ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഡോഗേഷ് ബാബു എന്ന പേരില്‍ ഒരു നായയുടെ പടവും ചേര്‍ത്താണ്‌ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം. ജില്ല മജിസ്ട്രേറ്റ് രവി പ്രകാശ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്, ആര്‍.ടി.പി.സി ആക്ടിന്റെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നന്വേഷിക്കാനാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.

ഐ.പി.സി, ഐ.ടി ആക്ട് പ്രകാരം ഒന്നിലധികം വകുപ്പുകള് ചേര്‍ത്ത് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 319(2) പ്രകാരം വഞ്ചന, സെക്ഷന്‍ 340 (1),(2) പ്രകാരം ഇലക്ടോണിക് രേഖകളുടെ ദുരുപയോഗം, സെക്ഷന്‍ 241 പ്രകാരം വഞ്ചനാപരമായ ഉപയോഗം, സെക്ഷന്‍ 241 പ്രകാരം വ്യാജ രേഖ ചമയ്ക്കല്‍ ഐ.ടി ആക്ടിലെ സെക്ഷന്‍ 66 ഡി, കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചുള്ള ആള്‍മാറാട്ടം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ആയി സിര്‍ദാല ബ്ലോക്കിലെ ആര്‍.ടി.പി.എസ് ഓഫീസിലാണ് ഡോഗേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പേരില്‍ താമസ സര്‍ട്ടിഫിക്കനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഡോഗേഷിന്റെ പപ്പ എന്നാണ് പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോഗേഷിന്റെ മാമി എന്നാണ് അമ്മയുടെ പേര്. ലിംഗം ആണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡോഗ് ബാബു എന്ന പേരുള്ള ഒരു നായക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ വന്നിരിക്കുന്നത്.

റവന്യൂ ഒഫീസര്‍ മുരാരി ചൗഹാന്റെ ഡിജിറ്റല്‍ ഒപ്പോട് കൂടിയാണ് ഡോഗ് ബാബുവിന് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. കുത്ത എന്നാണ് ഡോഗ് ബാബുവിന്റെ അച്ഛന്റെ പേര്. കുത്തിയ ദേവി എന്നാണ് അമ്മയുടെ പേര്.

ബീഹാറിലെ പറ്റ്‌ന ജില്ലയിലെ പരിഷത്ത് മസൗരിയിലെ 15ാം വാര്‍ഡിലെ മൊഹല്ല കൗലിചാക് ആണ് മേല്‍വിലാസമായി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. ഈ സംഭവത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിച്ചയാള്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, അപേക്ഷ അംഗീകരിച്ച ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Bihar hit by second fake pet application; Now it’s for ‘Dogesh Babu’

We use cookies to give you the best possible experience. Learn more