ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ വിമര്‍ശനം. അടിയന്തര രേഖകളായി വോട്ടേഴ് ഐ.ഡിയും ആധാറും പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആധാര്‍ അടിസ്ഥാന രേഖയല്ലെന്ന കമ്മീഷന്റെ വാദം തള്ളിയാണ് കോടതിയുടെ നിര്‍ദേശം.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 59% നടപടിക്രമങ്ങളും പൂര്‍ത്തിയായെന്ന് കമ്മീഷന്‍ അറിയിച്ചതോടെ കമ്മീഷന്റെ നടപടി കോടതി സ്റ്റേ ചെയ്തില്ല. എന്നാല്‍ പട്ടിക സമഗ്രമല്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാര്‍, വോട്ടര്‍ ഐ.ഡി റേഷന്‍ കാര്‍ഡ് എന്നിവ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഈ രേഖകളുടെ അടിസ്ഥാനത്തില്‍ ആരുടേയും പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുന്നില്ലെന്നും അത് സ്വീകരിക്കാനും തള്ളാനുമുള്ള വിവേചനാധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകനായ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടി ഹാജരായത്. കേസ് പരിഗണിക്കുന്നത് ജൂലൈ 28 ലേക്ക് മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവെയാണ് ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള ശ്രമത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചത്. ബീഹാര്‍ ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് വിദേശ അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കാനുള്ള നടപടിയാണിതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെയാണ് ഇത് ബാധിക്കുന്നതെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്തായവരില്‍ കൂടുതലും പ്രദേശവാസികളാണ്.
2003 ലെ വോട്ടര്‍പട്ടികയില്‍ 4.96 കോടി വോട്ടര്‍മാരായിരുന്നു ബിഹാറില്‍ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടികയില്‍ 7.89 കോടി വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് 4.96 കോടി വോട്ടര്‍മാരെ ഒഴിവാക്കി. ബാക്കി 2.93 കോടി വോട്ടര്‍മാര്‍ ജനനത്തീതി, ജനനസ്ഥലരേഖകള്‍ അടക്കം ഹാജരാക്കണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നയത്തോടെ 2003 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ന്ന എല്ലാ പേരുകളും വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും. അതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആളുകളുടെ വിശദവിവരങ്ങള്‍ ശേഖരിക്കും. പുതിയ വ്യവസ്ഥ പ്രകാരം, വോട്ടര്‍ പട്ടികയില്‍ തുടരാന്‍ ആളുകള്‍ അവര്‍ തങ്ങളുടെ ജനന സ്ഥലം തെളിയിക്കാന്‍ രേഖകള്‍ സമര്‍പ്പിക്കണം.
ഇത്തരത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ശേഖരിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫോം സമര്‍പ്പിക്കാത്ത ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
Content Highlight: Bihar Electoral Roll; Supreme Court Asks Election commission to Consider Aadhaar, Voter ID and Ration Cards