| Thursday, 6th November 2025, 6:50 am

ബീഹാര്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 121 മണ്ഡലങ്ങള്‍ വിധിയെഴുതും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243 സീറ്റുകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. നവംബര്‍ ആറ് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്.

നക്‌സല്‍ ബാധിത മേഖലകളില്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.

ആകെ 1314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പിനെ നേരിടുന്നത്. 3.75 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. ഏറെ വിവാദമായ എസ്.ഐ.ആര്‍ നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യവോട്ടെടുപ്പാണ് ബീഹാറില്‍ ഇന്ന് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വൈശാലിയിലെ രഘോപൂരില്‍ നിന്ന് ആര്‍.ജെ.ഡി നേതാവും മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവും ഇന്ന് വിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ്.

തുടര്‍ച്ചയായ മൂന്നാം വട്ട വിജയം ലക്ഷ്യമിട്ടാണ് തേജസ്വി ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. തേജസ്വിയുടെ പിതാവ് ലാലു പ്രസാദ് യാദവ് രണ്ടുതവണയും മാതാവ് റാബ്രി ദേവി മൂന്ന് തവണയും ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

രഘോപൂരിന്റെ സമീപത്തുള്ള മഹുവ മണ്ഡലവും ഈ വോട്ടെടുപ്പ് ദിനത്തില്‍ ശ്രദ്ധേയമാണ്. ഇവിടെ നിന്നും ലാലു പ്രസാദിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവാണ് ജനവിധി തേടുന്നത്.

അദ്ദേഹം പുതുതായി രൂപീകരിച്ച ജനശക്തി ജനതാദളിന്റെ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ഈ വര്‍ഷമാദ്യമാണ് ആര്‍.ജെ.ഡിയില്‍ നിന്നും തേജ് പ്രതാപിനെ പുറത്താക്കിയത്.

ആദ്യഘട്ടത്തില്‍ ശ്രദ്ധേയമായ മറ്റൊരു മണ്ഡലം മുന്‍ഗറിലെ താരാപൂരാണ്. ഇവിടെ ഉപമുഖ്യമന്ത്രിയും ബീഹാര്‍ ബി.ജെ.പി മുന്‍ അധ്യക്ഷനുമായ സാമ്രാട്ട് ചൗധരിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

ജന്‍സുരാജ് അനുനായിയായ ദുലാര്‍ചന്ദ് യാദവിന്റെ കൊലപാതകത്തില്‍ ഞായറാഴ്ച അറസ്റ്റിലായ അനന്ത് സിങ്ങും ഇന്ന് ജനവിധി തേടുന്നുണ്ട്. മൊകാമ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് അനന്ത് സിങ്.

ഡോണായ അനന്ത് സിങ്ങിന്റെ അറസ്റ്റിനെതിരെ ബി.ജെ.പി പരസ്യമായി രംഗത്തെത്തുകയും കേന്ദ്രമന്ത്രി ലല്ലന്‍ സിങ് അനന്തിന് വേണ്ടി വാദിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.

അലിനഗറില്‍ നിന്നും യുവകലാകാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവവന്‍സറുമായ മൈഥിലി താക്കൂറും എന്‍.ഡി.എ ടിക്കറ്റില്‍ വ്യാഴാഴ്ച വോട്ടെടുപ്പിനെ നേരിടുന്നുണ്ട്.

ബീഹാറിലെ ശേഷിക്കുന്ന 122 മണ്ഡലത്തിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 11ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14നാണ്.

Content Highlight: Bihar elections: First phase of voting today; 121 constituencies to vote

We use cookies to give you the best possible experience. Learn more