| Saturday, 15th November 2025, 12:00 pm

ബീഹാര്‍ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും പാഠം; രാജ്യം നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അര്‍ഹിക്കുന്നു: സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ശക്തവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് കമ്മീഷനെ രാജ്യം അര്‍ഹിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് സ്റ്റാലിന്റെ വിമര്‍ശനം.

വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യാ മുന്നണി മികച്ച ആസൂത്രണം നടത്തണമെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ പരിചയസമ്പന്നരായ രാഷ്ട്രീയക്കാര്‍ ഈ വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ളവരാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

തോല്‍ക്കുന്നവരില്‍ പോലും ആത്മവിശ്വാസം ഉണ്ടാക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഈ രാജ്യം അര്‍ഹിക്കുന്നത്. എന്നാല്‍ ഇന്ന് രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാനം ഏറ്റവും താഴ്ന്ന നിലയിലാണെന്നും എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ഒരു പാഠമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ മുഖ്യമന്ത്രിയും ജെ.ഡി.യു മേധാവിയുമായ നിതീഷ് കുമാറിന് ആശംസകള്‍ നേര്‍ന്നും ഏറ്റവും ശക്തമായ പ്രകടനവും പ്രചരണവും നടത്തിയതിന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന് നന്ദി അറിയിച്ചുമാണ് സ്റ്റാലിന്റെ പോസ്റ്റ്.

ഓഗസ്റ്റില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ സ്റ്റാലിനും പങ്കെടുത്തിരുന്നു. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന് (എസ്.ഐ.ആര്‍) എതിരെ രൂക്ഷവിമര്‍ശനമാണ് അന്ന് അദ്ദേഹം ഉയര്‍ത്തിയിരുന്നത്.

ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാരെ വെട്ടിമാറ്റിയ നടപടിയെ ‘ജനാധിപത്യപരമായ കൂട്ടക്കൊല’ എന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചിരുന്നത്. മുസാഫര്‍പുരില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം.

ബീഹാറിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി 2000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് താന്‍ മുസാഫര്‍പുരില്‍ എത്തിയതെന്നും സാധുവായ തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അതേസമയം 243ല്‍ 202 സീറ്റിലും വിജയിച്ചാണ് എന്‍.ഡി.എ സഖ്യം ബീഹാറില്‍ വിജയിച്ചത്. 89 സീറ്റുകള്‍ നേടിയ ബി.ജെ.പി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി.യു 85 സീറ്റ് നേടിയപ്പോള്‍ 25 സീറ്റിലാണ് ആര്‍.ജെ.ഡി.യ്ക്ക് വിജയിക്കാനായത്. കോണ്‍ഗ്രസ് ആറ് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.

Content Highlight: Bihar elections a lesson for everyone; Country deserves an impartial Election Commission: Stalin

We use cookies to give you the best possible experience. Learn more