പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വിജയത്തിന് എസ്.ഐ.ആര്‍ വലിയ രീതിയില്‍ സഹായിച്ചെന്ന ആരോപണം ശക്തമാക്കി റിപ്പോര്‍ട്ടുകള്‍.
മഹാസഖ്യത്തിന് സ്വാധീനമുണ്ടായിരുന്ന 75 മണ്ഡലങ്ങള്‍ എന്‍.ഡി.എ പിടിച്ചത് എസ്.ഐ.ആറിന്റെ സഹായത്തോടെയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ മണ്ഡലങ്ങളില്‍ നിന്നും വെട്ടിമാറ്റിയ വോട്ടിനേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച് കയറിയത്.
ആകെയുള്ള 243 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 174 സീറ്റുകളില്‍ ഭൂരിപക്ഷം എസ്.ഐ.ആര്‍ വഴി വെട്ടിയ വോട്ടുകളേക്കാള്‍ കുറവാണെന്ന് തെളിഞ്ഞതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.
2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി 2025ല്‍ 91 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് ഫലം മാറി മറിഞ്ഞതും ശ്രദ്ധേയമാണ്. ഇതില്‍ നേട്ടമുണ്ടാക്കിയതും എന്‍.ഡി.എ തന്നെയാണ്. 2020ല്‍ 91 സീറ്റുകളില്‍ 71 സീറ്റുകള്‍ മഹാഗഡ്ബന്ധനായിരുന്നു കൈവശം വെച്ചിരുന്നത്. അന്ന് 14 സീറ്റുകളില്‍ മാത്രമായിരുന്നു എന്‍.ഡി.എയുടെ വിജയം. മറ്റുള്ളവര്‍ ആറ് സീറ്റുകളിലും വിജയിച്ചിരുന്നു.
എന്നാല്‍, എസ്.ഐ.ആര്‍ നടപ്പാക്കിയതിന് ശേഷമുള്ള 2025ലെ തെരഞ്ഞടുപ്പില്‍ എന്‍.ഡി.എ 14 സീറ്റുകളില്‍ നിന്നും 75 സീറ്റുകളെന്ന വമ്പന്‍ നേട്ടമാണ് ഉണ്ടാക്കിയത്. മഹാഗഡ്ബന്ധന് ഇവിടെ 15 സീറ്റുകളില്‍ മാത്രമാണ് വിജയം നേടാനായത്. മറ്റുള്ളവര്‍ക്ക് ജയിക്കാനായത് ഒരു സീറ്റില്‍ മാത്രവും.
ഈ കണക്കുകളെ മുന്‍നിര്‍ത്തി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തെ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
2020ല്‍ ആര്‍.ജെ.ഡിയുടെ കൈവശമുണ്ടായിരുന്ന മുസഫര്‍പുര്‍ ജില്ലയിലെ കുര്‍ഹാനി മണ്ഡലത്തില്‍ 24,000 വോട്ടുകളാണ് വെട്ടിയത്. ഇത്തവണ ഈ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത് കേവലം 9718 വോട്ടുകള്‍ക്കുമായിരുന്നു.
ഭോജ്പുര്‍ ജില്ലയിലെ സന്ദേശ് മണ്ഡലത്തില്‍ ജെ.ഡി.യു വിജയിച്ചത് 27 വോട്ടുകള്‍ക്കാണ്. ഇവിടെ വെട്ടിയതാകട്ടെ 25682 വോട്ടുകളും. ഈ സീറ്റും ആര്‍.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു.
2020ല്‍ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി വിജയിച്ച ബെഗുസരായ് ജില്ലയിലെ മഥിഹാനി മണ്ഡലത്തിലും എസ്.ഐ.ആര്‍ വലിയ രീതിയില്‍ സ്വാധീനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇവിടെ ആര്‍.ജെ.ഡിയാണ് നേട്ടമുണ്ടാക്കിയത്. 5290 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്‍.ജെ.ഡി ഇത്തവണ വിജയിച്ചത്.
എസ്.ഐ.ആര്‍ പ്രകാരം 33,700ലധികം വോട്ടുകളാണ് ഇവിടെ വെട്ടിക്കളഞ്ഞിരിക്കുന്നതെന്നും ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കിയ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ബീഹാറിലെ 64 ലക്ഷത്തോളം വോട്ടര്‍മാരുടെ വോട്ട് നഷ്ടപ്പെടുത്തിയെന്ന ഗുരുതര ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ വഴി എന്‍.ഡി.എയെ 75ഓളം മണ്ഡലങ്ങള്‍ പിടിച്ചടക്കാന്‍ സഹായിച്ചെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.
Content Highlight: SIR helps: NDA wins 75 seats from Mahagathbandhan by rigging votes; Reports