| Tuesday, 18th November 2025, 2:43 pm

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; സുപ്രീം കോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2025 ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുപ്രവര്‍ത്തകന്റെ ഹരജി. സാബു സ്റ്റീഫന്‍ എന്നയാളാണ് ഹരജി നല്‍കിയത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

തെരഞ്ഞെടുപ്പിലെ ക്രമക്കേട് പരിശോധിക്കാന്‍ വിരമിച്ച ഏതെങ്കിലും ഒരു ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശതമാന കണക്ക് അല്ലാതെ എത്ര പേര്‍ വോട്ട് ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവിടേണ്ട ഫോം 20 പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തടയണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

നേരത്തെ ബീഹാറിലെ പ്രതിപക്ഷം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എസ്.ഐ.ആറിനെ ആയുധമാക്കിയാണ് എന്‍.ഡി.എ സഖ്യം ബീഹാറില്‍ ഭരണം നേടിയതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

243 സീറ്റില്‍ 202 സീറ്റും നേടിയാണ് ബീഹാറില്‍ എന്‍.ഡി.എ സഖ്യം ഭരണം നിലനിര്‍ത്തിയത്. 101 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 89 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 101 സീറ്റില്‍ മത്സരിച്ച ജെ.ഡി.യു 85 സീറ്റും നേടി. 143 മണ്ഡലത്തില്‍ ജനവിധി നേടിയ ആര്‍.ജെ.ഡിയ്ക്ക 25 സീറ്റ് മാത്രമാണ് നേടാനായത്.

എന്നാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടുവിഹിതം ആര്‍.ജെ.ഡിക്കാണ്. അതേസമയം 62 സീറ്റ് ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസ് വെറും ആറ് സീറ്റില്‍ ഒതുങ്ങുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, എന്‍.ഡി.എയുടെ വിജയത്തിന് എസ്.ഐ.ആര്‍ വലിയ രീതിയില്‍ സഹായിച്ചെന്ന ആരോപണം ശക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാസഖ്യത്തിന് സ്വാധീനമുണ്ടായിരുന്ന 75 മണ്ഡലങ്ങള്‍ എന്‍.ഡി.എ പിടിച്ചത് എസ്.ഐ.ആറിന്റെ സഹായത്തോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മണ്ഡലങ്ങളില്‍ നിന്നും വെട്ടിമാറ്റിയ വോട്ടിനേക്കാളും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനത്തെ 174 സീറ്റുകളിലെ ഭൂരിപക്ഷം എസ്.ഐ.ആര്‍ വഴി വെട്ടിയ വോട്ടുകളേക്കാള്‍ കുറവാണെന്ന് തെളിഞ്ഞതായി ദി ക്വിന്റാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, എസ്.ഐ.ആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ബീഹാറിലെ 64 ലക്ഷത്തോളം ആളുകളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Content Highlight: Bihar election results should be cancelled; Public servant files petition in Supreme Court

We use cookies to give you the best possible experience. Learn more