| Thursday, 30th October 2025, 4:57 pm

ബീഹാറില്‍ ജാമ്യത്തിലിറങ്ങിയ 'യുവരാജാക്കന്മാര്‍' വ്യാജവാഗ്ദാനങ്ങളുടെ കട തുറന്നു; പരിഹസിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിനെയും അവഹേളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബീഹാറിലെ തെരഞ്ഞെടുപ്പ് കളത്തില്‍ യുവരാജാക്കന്മാരുടെ വ്യാജവാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ഒരാള്‍ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ കുടുംബത്തില്‍ നിന്നുള്ള രാജകുമാരനാണ്.

മറ്റെയാള്‍ ബീഹാറിലെ ഏറ്റവും വലിയ അഴിമതി കുടുംബത്തിലെ രാജകുമാരനും. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി കേസുകളില്‍ ഇരുവരും ജാമ്യത്തിലാണ് മോദി ആരോപിച്ചു.
മുസാഫര്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അധികാരത്തിന് വേണ്ടി മാത്രമാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. അവരുടെ സഖ്യം യഥാര്‍ത്ഥത്തില്‍ എണ്ണയും വെള്ളവും പോലെയാണ്.
ഇരുകൂട്ടരും എന്തുവിലകൊടുത്തും അധികാരം പിടിക്കാനും ബീഹാറിനെ കൊള്ളയടിക്കാനുമാണ് ശ്രമിക്കുന്നത്. ഇരു പാര്‍ട്ടികളിലെയും അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണെന്നും മോദി പറഞ്ഞു.

ഇരുകൂട്ടരും യാഥാര്‍ത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളാണ് നല്‍കുന്നത്. നിയമലംഘനം (കട്ട), ക്രൂരത(ക്രൂര്‍ത), സാമൂഹിക വിരോധം (കട്ടുത), ദുര്‍ഭരണം (കുശാസന്‍), അഴിമതി (കറപ്ഷന്‍) എന്നീ അഞ്ച് ‘കെ’കളാണ് മഹാഗഡ്ബന്ധന്‍ സഖ്യം പ്രതിനിധീകരിക്കുന്നതെന്നും മോദി വിമര്‍ശിച്ചു.

ആര്‍.ജെ.ഡി ഭരിച്ചിരുന്ന കാലത്ത് തട്ടിക്കൊണ്ടുപോവലുകളും കൊള്ളയടിയും സര്‍വസാധാരണമായിരുന്നു. സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും ആയുധങ്ങളെ കുറിച്ചുള്ള ഗാനങ്ങളാണ് ആലപിക്കുന്നതെന്നും മോദി പറഞ്ഞു.

വോട്ട് തേടുമ്പോള്‍ ഈ ആളുകള്‍ക്ക് എത്രത്തോളം കുനിയാന്‍ സാധിക്കുമെന്ന് നോക്കൂ, നൂറ്റാണ്ടുകളായി ബീഹാറികള്‍ ആഘോഷിക്കുന്ന ഛാത്ത് ഉത്സവത്തോടുള്ള അപമാനമാണിതെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ മോദി പാരമര്‍ശം നടത്തി.

ഛാത്ത് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി യമുനാ നദിയില്‍ മുങ്ങിക്കുളിച്ചതായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നാടകം കളിച്ചുവെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. യമുന മലിനമായതിനാല്‍ ശുദ്ധജലം കൊണ്ടുണ്ടാക്കിയ കൃത്രിമ കുളത്തില്‍ കുളിക്കാനായിരുന്നു മോദിയുടെ പദ്ധതി.

ഇക്കാര്യം പുറത്തായതോടെ മോദി ആ പ്ലാന്‍ ഉപേക്ഷിച്ചെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മോദി രംഗത്തെത്തിയിരിക്കുന്നത്.

Content Highlight:  Bihar Election: Bail-out youth kings, Modi mocks Rahul Gandhi and Tejashwi Yadav

We use cookies to give you the best possible experience. Learn more