ന്യൂദല്‍ഹി: ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തിന്റെ വന്‍വിജയം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എന്‍.ഡി.എയുടെ സ്‌ട്രൈക്ക് റേറ്റില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
ആര്‍.ജെ.ഡിയുടെ തേജസ്വി യാദവുമായും സി.പി.ഐ.എം.എല്‍.ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയുമായും കൂടിക്കാഴ്ച നടത്തിയെന്നും എല്ലാവരും പങ്കുവെച്ചത് തെരഞ്ഞെടുപ്പ് ഫലത്തിലെ ഞെട്ടലായിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യയില്‍ നടന്ന ഒരു തെരഞ്ഞെടുപ്പില്‍ 90 ശതമാനം സ്‌ട്രൈക്ക് റേറ്റ് നേടി എന്നത് സംശയമുയര്‍ത്തുന്നതാണ്. ഒരു പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച 90 ശതമാനം സ്ഥാനാര്‍ത്ഥികളും വിജയം നേടുക എന്ന് പറയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതിന് മുമ്പ് ഏകപക്ഷീയമായ ഒരു പ്രകടനം രാജ്യത്ത് കാഴ്ചവെച്ചത്. വന്‍വിജയം നേടിയിട്ടും കോണ്‍ഗ്രസിന് 90 ശതമാനം സ്‌ട്രൈക്ക് റേറ്റ് നേടാനായില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സഖ്യകക്ഷികളും സംശയങ്ങളാണ് ഉയര്‍ത്തിയത്. ആരും ഈ തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കന്നില്ല. നേതാക്കളും സാധാരണക്കാരായ ജനങ്ങളും ഞെട്ടലിലാണ്. പരാജയത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തും.
അതിനായി ഡാറ്റ കളക്ട് ചെയ്യും. പോളിങ് ബൂത്തില്‍ നിന്നടക്കം ഡാറ്റകള്‍ ശേഖരിച്ച് പഠനം നടത്തുമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വേണുഗോപാല്‍ വിശദീകരിച്ചു.
ബീഹാറില്‍ നടന്നത് ബി.ജെ.പിയെ വിജയിപ്പിക്കാനായി പ്രത്യേകമായി ഡിസൈന്‍ ചെയ്ത തെരഞ്ഞെടുപ്പാണ്. ജെ.ഡി.യു, എന്‍.ഡി.എയില്‍ നിന്നും മാറി തനിച്ച് മത്സരിച്ചാലും ഇനി അവിടെ വിജയിക്കാനാകില്ല. അത് വിശകലനെ ചെയ്ത് നോക്കിയാല്‍ മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞതവണ ജെ.ഡി.യു എന്‍.ഡി.എയ്ക്ക് എതിരായി മത്സരിച്ചപ്പോള്‍ അക്കാര്യം വ്യക്തമായതാണ്. ജെ.ഡി.യു എന്‍.ഡി.എയില്‍ നിന്നും പക്ഷം മാറി മത്സരിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. അങ്ങനെയാണ് തെരഞ്ഞെടുപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മാനിപ്പുലേഷന്‍ നടന്നെന്ന് വ്യക്തമാണ്. ഇത് തോറ്റതുകൊണ്ട് പറയുകയല്ല. ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇന്ത്യയിലെ ജനാധിപത്യം കടന്നുപോകുന്നത്. തുടര്‍ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കും. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇനി വരുന്ന ദിവസങ്ങളില്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ മോദി ശ്രമിക്കും. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശ്രമത്തിലും കോണ്‍ഗ്രസ് നേതാക്കളോ പ്രവര്‍ത്തകരോ വീഴില്ല. തൊട്ടുമുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ട് ഫ്രീസ് ചെയ്തും നേതാക്കളെ ജയിലിലടച്ചും അവര്‍ ശ്രമങ്ങള്‍ നടത്തി. എന്നിട്ടും ഇവിടെ ഒന്നും നടന്നില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
‘മുമ്പ് ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലും സംശയമുന്നയിച്ചപ്പോഴും ഇതില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. അന്നും പരാജയപ്പെട്ടതുകൊണ്ട് പറയുകയാണെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ആ ചെറിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 19 കേസുകളാണ് നടക്കുന്നത്. കോണ്‍ഗ്രസ് നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.
കേരളത്തിലടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം നടപ്പാക്കുകയാണ്. എന്താണ് ഇതിന്റെ ഉദ്ദേശം? വിശലകലനം ചെയ്താല്‍ എല്ലാം വ്യക്തമാകും,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘ഇന്ത്യന്‍ ജനാധിപത്യം അതീവ ഗുരുതരാവസ്ഥയില്‍ക്കൂടിയാണ് കടന്നുപോകുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമാണ്. ഇത് കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിജയമാണെന്നതില്‍ തര്‍ക്കമില്ല. ഞങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും ഉയര്‍ത്തിയ ആശങ്കകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഔദ്യോഗികമായി മറുപടി പോലും നല്‍കിയിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി സര്‍ക്കാരും പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തെരഞ്ഞെടുപ്പ് ഫലമാണിത്. എല്ലാ ബൂത്തുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് തെളിവുകളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. വോട്ടുകൊള്ളയ്‌ക്കെതിരെ ശക്തമായ നിയമനടപടികളും തുടര്‍ പ്രക്ഷോഭങ്ങളുമുണ്ടാകും.’, കെ.സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlight: Democracy in critical condition; No party can believe defeat in Bihar: K.C. Venugopal