| Wednesday, 5th June 2019, 8:57 pm

'മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് മതമില്ല'; ഇഫ്താര്‍ വിരുന്ന്‌ വിവാദത്തില്‍ ഗിരിരാജ് സിങിനോട് നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത ബി.ജെ.പി നേതാക്കളെ പരിഹസിച്ച് വിവാദ ചോദ്യമുന്നയിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് മറുപടിയുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് മതമില്ലെന്ന് നിതീഷ് കുമാര്‍ വിമര്‍ശിച്ചു. നിതീഷ് കുമാറടങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതിനുനേരെയായിരുന്നു ഗിരിരാജ് സിങിന്റെ പരിഹാസം.

നിതീഷ് കുമാറിനോട് ഇഫ്താര്‍ ആഘോഷിക്കുന്നതു പോലെ എന്താണ് നവരാത്രി ആഘോഷിക്കാത്തതെന്നായിരുന്നു ഗിരിരാജ് സിങിന്റെ ചോദ്യം. ‘ഇതേ ആവേശത്തോടെ ഒരു നവരാത്രി വിരുന്ന് സംഘടിപ്പിച്ചു കൊണ്ടായിരുന്നു ഈ ചിത്രങ്ങളെങ്കില്‍ എത്ര മനോഹരമായേനേ. എന്തിന് നമ്മള്‍ നമ്മുടെ വിശ്വാസങ്ങളില്‍ നിന്നു പിന്നോട്ടുപോയി തട്ടിപ്പ് കാണിക്കണം’ എന്നായിരുന്നു കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ ചോദിച്ചത്.

ഇതിനോട് നിതീഷ് കുമാറിന്റെ പ്രതികരണമിങ്ങനെ, ‘ഗിരിരാജ്, നിങ്ങളുടെ സംസാരത്തോട് ഞാന്‍ ഒരുതരത്തിലും പ്രതികരിക്കുന്നില്ല. മാധ്യമങ്ങള്‍ വാര്‍ത്തയാക്കാന്‍ ഒരാവശ്യവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കുന്ന ചിലരുണ്ട്. എല്ലാ മതങ്ങളും സ്‌നേഹവും ആദരവും പരസ്പരം കൈമാറുന്നമ്പോള്‍ ഇവര്‍ മതമില്ലാതെ തുടരുകയാണ്.’

ഈദുല്‍ ഫിത്‌റിന് ആശംസകള്‍ നേര്‍ന്ന നിതീഷ്, ബീഹാറിലെ വരള്‍ച്ച മാറി മഴ പെയ്യാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ രാജ്യത്തുടനീളം സാഹോദര്യവും സമാധാനവും കാത്തുസൂക്ഷിക്കണം. നമ്മുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം. ആരും ആരെയും അപമാനിക്കുന്ന ഭാഷ ഉപയോഗിക്കാതിരിക്കട്ടെ, നിതീഷ് കൂട്ടിച്ചേര്‍ത്തു.

എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ പട്നയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ നിതീഷും ബി.ജെ.പി നേതാവ് സുശീല്‍ മോദിയും പങ്കെടുത്തിരുന്നു. ഇഫ്താര്‍ വിരുന്ന് ആഘോഷിച്ച നേതാക്കള്‍ക്കുനേരെ പ്രകോപനപരമായ ചോദ്യമുന്നയിച്ച ഗിരിരാജ് സിങ്ങിനെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ താക്കീത് ചെയ്തിരുന്നു. ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തരുതെന്ന് അദ്ദേഹം സിങ്ങിനോട് പറഞ്ഞു.

ഗിരിരാജ് സിങ്ങിന്റെ മാനസിക നില പരിശോധിക്കണമെന്നായിരുന്നു ജെ.ഡി.യു നേതാവ് സഞ്ജയ് സിങ്ങിന്റെ പ്രതികരണം. ഏതുതരത്തിലുള്ള വ്യക്തിയാണ് സിങ് എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ പരിഹസിച്ചു. ചിരാഗും വിരുന്നില്‍ പങ്കെടുത്തിരുന്നു

മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ക്ക് കുപ്രസിദ്ധനാണ് ഗിരിരാജ് സിങ്. ലോക്സഭാ സ്ഥാനാര്‍ഥിയായിരിക്കെ സിങ് നടത്തിയ മുസ്‌ലീം വിരുദ്ധ പ്രസ്തവാനകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. നാലുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഗിരിരാജ് സിങ് ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് ഇത്തവണ ജയിച്ച് ലോകസഭയിലെത്തിയത്. സി.പി.ഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറായിരുന്നു എതിരാളി. രണ്ടാം മോദി മന്ത്രിസഭയില്‍ മൃഗസംരക്ഷണ, ക്ഷീര, ഫിഷറീസ് വകുപ്പുകളുടെ മന്ത്രിയാണ് അദ്ദേഹം.

We use cookies to give you the best possible experience. Learn more