| Saturday, 14th November 2026, 1:47 pm

ചരിത്ര നേട്ടത്തിലും അടിതെറ്റി ക്യാപ്റ്റന്‍ വൈഭവ്; തരിച്ചടിച്ച് സൗരാഷ്ട്ര!

ശ്രീരാഗ് പാറക്കല്‍

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബീഹാറും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം പുരോഗമിക്കുകയാണ്. ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബീഹാര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവ താരം വൈഭവ് സൂര്യവംശിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ബീഹാര്‍ ആദ്യ ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ്‌നേടിയത്.

ഓപ്പണറും ക്യാപ്റ്റനുമായ വൈഭവിന് മത്സരത്തില്‍ ടീമിനായി മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. 12 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 18 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. 150 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അതേസമയം കളത്തിലിറങ്ങിയതോടെ പുരുഷ ടി-20 ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി വൈഭവ് സൂര്യവംശി മാറി. 16ാം വയസിലാണ് താരം ക്യാപ്റ്റനായത്.

ബീഹാറിന് വേണ്ടി ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തിയത് മധ്യനിര ബാറ്റര്‍ പൃഥ്വി ഷോബിത് രാജാണ്. 27 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. നാല് സിക്‌സര്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. 24 റണ്‍സ് നേടി അല്‍താമിഷ് അഷ്‌റഫും സംഭാവന ചെയ്തു. മറ്റാര്‍ക്കും ബീഹാറിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

അതേസമയം സൗരാഷ്ട്രയ്ക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് ചേതന്‍ സക്കറിയയയും പ്രെകര്‍ മങ്കാതുമാണ്. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് ഇരുവരും തിളങ്ങിയത്. ക്യാപ്റ്റന്‍ ജയദേവ് ഉനത്കട്, ക്രൈന്‍സ് ഭവേഷ്ഭായ് ഫുലേത്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോല്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടിയിട്ടുണ്ട്.

Content Highlight: Bihar captain Vaibhav Suryavanshi delivers a poor performance in the Syed Mushtaq Ali Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more