പാട്‌ന: ബീഹാറിലെ തുറന്ന സ്ഥലങ്ങളിലെ മാംസ വില്പന നിരോധിച്ച് കൊണ്ടുള്ള പുതിയ ഉത്തരവില്‍ ന്യായീകരണവുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലം എന്നിവയ്ക്ക് സമീപം പരസ്യമായ മാംസ വില്പന നിരോധിക്കാനുള്ള തീരുമാനം കുട്ടികളിലെ അക്രമാസക്തമായ പ്രവണതകള്‍ തടയുന്നതിനാണെന്ന് സിന്‍ഹ പറഞ്ഞു.
നിരോധനം സര്‍ക്കാരിന്റെ നയപരമായ ദിശയെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുതിയ സര്‍ക്കാരിന്റെ പുതിയ തീരുമാനം ബീഹാറിന്റെ മാറുന്ന മുഖം വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. നഗര വികസന വകുപ്പിന് കീഴില്‍ നടന്ന യോഗങ്ങളിലും ജന്‍ കല്യാണ്‍ സംവിധാനത്തിന് കീഴില്‍ ബുദ്ധി ജീവികളുമായി നടന്ന യോഗത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നു വന്നു. അത് ഞങ്ങള്‍ ഗൗരവമായി എടുത്തിട്ടുണ്ട്.
കുട്ടികള്‍ക്കിടയിലെ അക്രമാസക്തമായ പ്രവണതകള്‍ തടയുന്നതിനും, വിദ്യാഭ്യാസ, മത സ്ഥാപനങ്ങള്‍ക്ക് സമീപവും തിരക്കേറിയ തുറസ്സായ സ്ഥലങ്ങളിലും മാംസത്തിന്റെയും മത്സ്യത്തിന്റെയും വില്‍പ്പന ഞങ്ങള്‍ നിരോധിക്കും,’ ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ നയമനുസരിച്ച് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്ന കൃത്യമായ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ മത്സ്യ-മാംസ വില്പന നടത്താന്‍ സാധിക്കുകയുള്ളു.
പൊതുജനാരോഗ്യം, ശുചിത്വം, പൊതുജന വികാരം എന്നിവ കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്താനുള്ള തീരുമാനമെന്ന് സിന്‍ഹ നിയമസഭയില്‍ പറഞ്ഞിരുന്നു.
താന്‍ ദര്‍ഭംഗയില്‍ പോയിരുന്നുവെന്നും നിയമ വിരുദ്ധമായി തുറസ്സായ സ്ഥലത്ത് മാംസം വില്ക്കുന്നത് ആ റോഡിലൂടെ കടന്ന് പോകുന്നതിന് ബുദ്ധിമുട്ടാകുന്നുവെന്ന് ജന്‍ കല്യാണ്‍ സംവാദത്തില്‍
ബുദ്ധിജീവികളും പറഞ്ഞിരുന്നുവെന്നും സിന്‍ഹ പറഞ്ഞു.
‘ആരുടേയും ഭക്ഷണ ശീലങ്ങളോട് ഞങ്ങള്‍ എതിരല്ല, എന്നാലും സാമൂഹിക ഐക്യം തകര്‍ക്കരുത്. വിശുദ്ധിയുമായി ബന്ധപ്പെട്ട വികാരങ്ങളെ വ്രണപ്പെടുത്തരുത്. നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലെങ്കില്‍ നടപടിയെടുക്കും,’ അദ്ദേഹം പറഞ്ഞു.
Content Highlight: Bihar beef ban: Deputy Chief Minister says it is to curb violent tendencies in children
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ