പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്. നിതീഷ് കുമാര്‍ സംസ്ഥാനത്തിന്റെ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്ററാണ് എന്നായിരുന്നു തേജസ്വി പറഞ്ഞത്.
ബിഹാര്‍ അധികാര്‍ യാത്രയില്‍ പാട്‌ന റൂറലിലെ ഭക്ത്യാര്‍പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ ആശയങ്ങളും നയങ്ങളും കോപ്പിയടിക്കുയാണെന്നും തേജസ്വി യാദവ് ആരോപിച്ചു.
‘നേരത്തെ പൊതുസമ്മേളനങ്ങളിലും മറ്റും ഞാന്‍ പ്രഖ്യാപിച്ച നയങ്ങളെ അദ്ദേഹം അതുപോലെ കോപ്പിയടിക്കുകയാണ്,’ തേജസ്വി യാദവ് പറഞ്ഞു.
‘ജനങ്ങളുടെ ക്ഷേമത്തിനായി ഞാന്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും അദ്ദേഹം അതുപോലെ സ്വീകരിക്കുകയാണ്. ബീഹാറില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ഞാന്‍ ‘മായ് – ബെഹന്‍ സമ്മാന്‍ യോജന’ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ഓരോ സ്ത്രീകള്‍ക്കും മാസം തോറും അവരുടെ ബാങ്ക് അക്കൗണ്ട് വഴി 2,500 രൂപ പ്രഖ്യാപിച്ചു.
സ്ത്രീകളുടെ വോട്ടുകള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമായി അദ്ദേഹം അത്തരം പദ്ധതികളുമായി വരികയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ചീഫ് മിനിസ്റ്റര്‍ എന്നതിന് പകരം ചീറ്റ് മിനിസ്റ്റര്‍ എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്,’ തേജസ്വി യാദവ് പറഞ്ഞു.
വ്യാപകമായ അഴിമതിയും തൊഴിലില്ലായ്മയും കുറ്റകൃത്യങ്ങളുടെ വര്‍ധനവും സംസ്ഥാനത്തെ ആളുകളെ വലച്ചുവെന്നും തേജസ്വി പറഞ്ഞു.
‘അഴിമതി, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍… എല്ലാം കൊണ്ടും ആളുകള്‍ക്ക് മടുത്തു. അവര്‍ ഒരു മാറ്റമാണ് ആഗ്രഹിക്കുന്നത്. പുതിയ സര്‍ക്കാരിന് അഴിമതി രഹിതമായ, കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കും,’ തേജസ്വി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ബീഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തേജസ്വി ബീഹാര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയെന്ന പോലെ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസുമായും കൈകോര്‍ത്ത് സഖ്യമായാണ് ആര്‍.ജെ.ഡി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ചും തേജസ്വി യാദവ് സംസാരിച്ചിരുന്നു. ശരിയായ സമയം വരുമ്പോള്‍ തങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് തേജസ്വി യാദവ് പറഞ്ഞത്.
‘ശരിയായ സമയം വരുമ്പോള്‍ പ്രതിപക്ഷം അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ബീഹാറിന്റെ യഥാര്‍ത്ഥ യജമാനന്‍മാര്‍ ജനങ്ങളാണ്. അവരാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഇത്തവണ അവര്‍ക്ക് ഒരു മാറ്റം വേണം. ബീഹാറില്‍ ആരെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചാല്‍ അവര്‍ ഉത്തരം നല്‍കും,’ എന്നായിരുന്നു തേജസ്വി മാധ്യമങ്ങളോട് പറഞ്ഞത്.
സെപ്റ്റംബര്‍ 20ന് വൈശാലിയില്‍ ബീഹാര്‍ അധികാര്‍ യാത്ര സമാപിക്കും. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് രണ്ടാഴ്ചയ്ക്കിപ്പുറമാണ് തേജസ്വി തന്റെ യാത്ര ആരംഭിച്ചത്.
Content Highlight: Bihar Adhikar Yathra: Tejashwi Yadav slams Nitish Kumar