സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അനാവശ്യമായി പ്രിവിലേജ് ലഭിക്കുന്നുണ്ടെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നെന്ന് പറഞ്ഞ ബിഗ് ബോസ് താരം അനീഷിന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സ്ത്രീകള്‍ക്ക് ആറ് മാസം പ്രസവാവധി കൊടുക്കുന്നത് തെറ്റാണെന്ന് ബിഗ് ബോസ് ആരംഭിക്കുന്നതിന് മുമ്പ് അനീഷ് പറഞ്ഞിരുന്നു. അതേ നിലപാട് തന്നെയാണ് ഇപ്പോഴുമെന്ന് കഴിഞ്ഞദിവസം അനീഷ് പ്രതികരിച്ചു.
എന്നാല്‍ അനീഷിന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. പ്രസവാവധി സ്ത്രീകളുടെ പ്രിവിലേജ് തന്നെയാണെന്നും അത് ജനിക്കുന്ന കുട്ടിക്ക് വേണ്ടിയാണെന്നും അനീഷിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം പോസ്റ്റുകള്‍ പലരും പങ്കുവെക്കുന്നുണ്ട്. ഇത്രയും സ്ത്രീവിരുദ്ധമായ വാക്കുകള്‍ അടുത്തെങ്ങും കേട്ടിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
തൃശൂരിലെ ഗവണ്മെന്റ് സ്‌കൂളിലെ അധ്യാപകനായ അനീഷ് അഞ്ച് വര്‍ഷം ലീവെടുത്താണ് ബിഗ് ബോസില്‍ കയറാന്‍ ശ്രമിച്ചതെന്നും അങ്ങനെയുള്ള ഒരാള്‍ സ്ത്രീകളുടെ പ്രസവാവധി തെറ്റാണെന്ന് പറയുന്നത് ഡബിള്‍ സ്റ്റാന്‍ഡേര്‍ഡാണെന്നും ചിലര്‍ പോസ്റ്റിന് താഴെ കമന്റ് പങ്കുവെച്ചു. ഡെലിവറിയുടെ സമയത്ത് അവധി എടുക്കാന്‍ പറഞ്ഞ അനീഷ് എത്ര മഹാന്‍ എന്നും കമന്റുകളുണ്ട്.
‘റോബിന്‍ രാധാകൃഷ്ണന്‍, രജിത് കുമാര്‍ എന്നിവരുടെ ഒപ്പം നിര്‍ത്താന്‍ അര്‍ഹതയുള്ള വ്യക്തി’, ‘റോബിനെയും രജിതിനെയും അതിജീവിച്ച നമ്മള്‍ അനീഷിനെയും അതിജീവിക്കും’, ‘ഇയാളുടെ ഫാന്‍സിനെ സമ്മതിക്കണം, ഇപ്പോഴും തലയില്‍ കയറ്റിവെക്കുന്നുണ്ടല്ലോ’, എന്നിങ്ങനെയാണ് അനീഷിനെതിരെയുള്ള കമന്റുകള്‍.
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് തന്റെ പഴയ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞത്. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അനാവശ്യമായി പ്രിവിലേജ് കിട്ടുന്നുണ്ടെന്നും അതിലൊന്നാണ് മെറ്റേണിറ്റി ലീവെന്നുമാണ് അനീഷ് പറഞ്ഞത്. ആറ് മാസമൊന്നും പ്രസവാവധി ആവശ്യമില്ലെന്നും അനീഷ് പറഞ്ഞു.
ഏഴാം സീസണില്‍ വിജയിയായത് അനുമോളാണെങ്കിലും ജനങ്ങളുടെ മനസിലെ വിജയി അനീഷാണെന്നാണ് ഫാന്‍ പേജുകള്‍ അവകാശപ്പെടുന്നത്. ഗവണ്മെന്റ് ഉദ്യോഗസ്ഥനും കര്‍ഷകനുമായ അനീഷ് കോമണറായാണ് ബിഗ് ബോസ് ഹൗസിലെത്തിയത്. സ്ത്രീ വിരോധിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഷോയില്‍ ഇടംപിടിച്ച അനീഷിന്റെ നിലപാടുകള്‍ പലരും ചര്‍ച്ച ചെയ്യുകയാണ്.
Content Highlight: Bigg Boss Runner up Aneesh getting criticism in social media for misogynist comment