| Tuesday, 3rd November 2026, 5:07 pm

ബിഗ് ബോസും ടോക്സിക്ക് സമൂഹവും വേഷം മാറി വരുന്ന ഹ്യൂമൻ സൂവും

അരുൺ എയ്ഞ്ചല

എന്താണ് ബിഗ് ബോസിലെ നേഹ ഫാത്തിമ താഷി വിവാദം?

ബിഗ് ബോസ് സീസൺ എട്ടിൽ മത്സരാർഥികളായ നേഹ ഫാത്തിമയും താഷിയും തമ്മിൽ കണക്റ്റഡ് ആകുന്നു. ‘എനിക്ക് ഇഷ്ടം തന്നെയാണ്. അത് എപ്പോഴാണെങ്കിലും അങ്ങനെ തന്നെയാണ്’. അതോടൊപ്പം: ‘എന്റെ വീട്ടുകാരെ എതിർത്ത് ഞാനൊന്നും ചെയ്യില്ല. രണ്ടു വീട്ടുകാർക്കും ഓകെ ആണെങ്കിൽ പുറത്തുനിന്നു നോക്കാം.’
ഇതായിരുന്നു നേഹയുടെ നിലപാട്.

തുടർന്ന് നടന്ന കാര്യങ്ങൾ വളരെ നാടകീയമായിരുന്നു. നവംബർ ഒന്നിന് നേഹയുടെ മാതാപിതാക്കൾ ബിഗ് ബോസ് വേദിയിലെത്തി ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്തു. മാതാപിതാക്കളുടെ ആവർത്തിച്ചുള്ള അഭ്യർഥനയെ തുടർന്നാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയതെന്ന് മോഹൻലാൽ വിശദീകരിക്കുകയുണ്ടായി.

പക്ഷെ ഇവിടെയൊരു പ്രശ്നമുണ്ട്. വെറുതേ കുടുംബത്തിന് നേഹയെ കാണാനും സംസാരിക്കാനുമുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയല്ല ഷോ അധികൃതർ ചെയ്തത്. അത് ഒരു എപ്പിസോഡാക്കി കാണിച്ചു.

നേഹയും മാതാപിതാക്കൾ ബിഗ്‌ബോസ് വേദിയിൽ വന്നപ്പോൾ

99 ദിവസം കൊണ്ട് 27 മില്യൺ ആളുകൾ കണ്ടു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്ത ഷോ ആയിരുന്നു സീസൺ 7. അങ്ങിനെയൊരു വേദിയിൽ വന്നു നിന്നിട്ട് ഇരുപതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ഒരു കുട്ടിയെ സൈബർ ബുള്ളിയിങ്ങിന് എറിഞ്ഞു കൊടുക്കാനാണ് ഷോ അധികൃതർ സ്വന്തം അപ്പനേം അമ്മയേം ആയുധമാക്കിയത്.

‘നേഹാ, നിനക്ക് ഞങ്ങളെ ഓർമയുണ്ടോ? നിനക്ക് ഞങ്ങളെ ഓർമയുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.’ അപ്പന്റെ ക്ലാസിക് ചോദ്യമാണ്.
അമ്മയാണ് കൂടുതൽ വൈകാരികമായി പ്രതികരിച്ചത്.

‘നീ അവിടെ എന്താണ് ചെയ്യുന്നത്? ഷോയിൽ കയറുന്നതിന് മുമ്പ് നീ എന്നോട് എന്താണ് പറഞ്ഞത്? നീ അവിടെ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്? മറ്റുള്ളവരെല്ലാം അവരുടെ ഗെയിം കളിക്കുകയാണ്.
നീ മാത്രമാണ് നിന്റെ വികാരങ്ങൾക്ക് പിന്നാലെ പോകുന്നത്. എല്ലാവരും നിന്നോട് ഉപദേശിച്ചിട്ടും നീ അത് മനസിലാക്കുന്നില്ല. മറ്റുള്ളവർ നിന്നെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ചെയ്യരുതെന്ന് ഞങ്ങൾ പറഞ്ഞ അതേ കാര്യമാണ് നീ ചെയ്യുന്നത്. നിന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ നിനക്ക് കഴിയുന്നില്ലേ? ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് ഞങ്ങളാണ്.’

‘I lost my family, I lost him.’
നേഹ പിന്നീട് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണ്. താൻ അനുഭവിക്കുന്ന വികാരങ്ങൾ ഇപ്പോൾ പൂർണമായി വിശദീകരിക്കാൻ കഴിയുന്നില്ലെന്നും, വിമർശനങ്ങൾ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്നെങ്കിലും സ്വന്തം മാതാപിതാക്കളിൽനിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും നേഹ പറയുകയുണ്ടായി.

പിന്നീട് അമ്മ നേഹയെ ആശ്വസിപ്പിച്ചുകൊണ്ട്, അവൾ ചെയ്ത ‘തെറ്റിന്’ മാപ്പ് നൽകാൻ കുടുംബം തയ്യാറാണെന്നു പറഞ്ഞു. ഞാനും ഒരു പെൺകുട്ടിയുടെ അച്ഛനാണ് എന്ന് പറയുന്ന മോഹൻലാൽ!

‘ഒരാളെ സ്നേഹിക്കുന്നത് തെറ്റാണോ?’എന്നായിരുന്നു അപ്പോൾ നേഹ തിരിച്ചു ചോദിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

  1. ഒരു പ്രായപൂർത്തിയായ പെൺകുട്ടിയുടെ പ്രണയത്തെയും വ്യക്തിപരമായ തീരുമാനങ്ങളെയും കുടുംബത്തിന്റെ നിയന്ത്രണത്തിന് വിധേയമാക്കുന്ന പാട്രിയാർക്കൽ സമീപനം എൻഡോർസ് ചെയ്യപ്പെടുന്ന സാഹചര്യം.
  2. ഒരു പെൺകുട്ടിയുടെ സ്വകാര്യമായ വൈകാരിക ജീവിതം ടെലിവിഷൻ വേദിയിൽ മാതാപിതാക്കൾ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യം.
  3. .മാപ്പ് കൊടുക്കാൻ മാത്രം നേഹ ചെയ്ത തെറ്റെന്താണ്?
    ഗിൽറ്റ് ട്രിപ്പിങ്. ക്ലാസ്സിക് ടോക്സിക് ട്രെയിറ്റുകളാണ് കുടുംബത്തിന്റെ ചോദ്യങ്ങളിൽ അടങ്ങിയിരിക്കുന്നത്. അച്ഛൻ നേഹയോട് ചോദിച്ചത്,
    ‘നേഹാ, നിനക്ക് ഞങ്ങളെ ഓർമയുണ്ടോ? നിനക്ക് ഞങ്ങളെ ഓർമയുണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല.’ എന്നാണ്. ഇത് ഗിൽറ്റ് ട്രിപ്പിങ്ന്റെ കൃത്യമായ ഉപയോഗമാണ്.

(ഒരാൾ മറ്റൊരാളുടെ മനസ്സിൽ കുറ്റബോധമോ (Guilt) പാപബോധമോ ഉണ്ടാക്കിക്കൊണ്ട്, തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചെടുക്കുന്ന ഒരു മാനസിക തന്ത്രമാണ് ഗിൽറ്റ് ട്രിപ്പിങ്.)

ചെയ്യരുതെന്ന് ഞങ്ങൾ പറഞ്ഞ അതേ കാര്യമാണ് നീ ചെയ്യുന്നത്. സൈക്കോളജിക്കൽ കണ്ട്രോൾ. മാതാപിതാക്കളുടെ സംഭാഷണത്തിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ആശയം അവർ നേരത്തെ പറഞ്ഞ കാര്യങ്ങൾ നേഹ അനുസരിച്ചില്ല എന്നതാണ്.

മാതാപിതാക്കൾ ഉപദേശം നൽകുകയാണോ, അതോ അവരുടെ ഉപദേശം അനുസരിക്കാത്തത് മകളുടെ തെറ്റായി അവതരിപ്പിക്കുകയാണോ?
‘താഷിയുമായുള്ള ബന്ധത്തെക്കുറിച്ച് നന്നായി ആലോചിക്കണം. നിങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസവും ഭാവിയിലെ ജീവിതസാഹചര്യങ്ങളും പരിഗണിക്കണം.’ എന്ന് പറയുന്നത് ഒരു ഉപദേശമായി കണക്കാക്കാം. പക്ഷ ‘ഞങ്ങൾ പറഞ്ഞിട്ടും നീ കേട്ടില്ല. അതുകൊണ്ട് നീ തെറ്റാണ് ചെയ്യുന്നത്.’ എന്ന ലൈൻ തെറ്റാണ്.

‘മറ്റുള്ളവർ നിന്നെ ഉപയോഗിക്കുകയാണ്’ പ്രൊട്ടക്റ്റീവ് കൺസേൺ vs സൈക്കോളജിക്കൽ കണ്ട്രോൾ മാതാപിതാക്കൾക്ക് മകളെക്കുറിച്ച് യഥാർത്ഥത്തിൽ ആശങ്കയുണ്ടാകാം.

റിയാലിറ്റി ഷോയിലെ ബന്ധങ്ങൾ ഗെയിം തന്ത്രങ്ങളായി ഉപയോഗിക്കപ്പെടുമോ എന്ന് ഭയപ്പെടാം. മകൾ വൈകാരികമായി വേദനിക്കുമോ എന്ന് ആശങ്കയുണ്ടാകാം. പക്ഷെ മാതാപിതാക്കൾ സ്വന്തം സംശയങ്ങളെ അന്തിമസത്യമായി അവതരിപ്പിക്കുകയും മകളുടെ അനുഭവങ്ങളെയും വിലയിരുത്താനുള്ള കഴിവിനെയും പൂർണമായി നിരാകരിക്കുകയും ചെയ്യുമ്പോൾ.ഇത് സൈക്കോളജിക്കൽ കണ്ട്രോൾ ആയി മാറുന്നു.

‘അവൻ നിന്നെ ഉപയോഗിക്കുകയാണ്. അതിനാൽ നീ അവനോട് സംസാരിക്കരുത്.
നിനക്ക് ആളുകളെ തിരിച്ചറിയാനുള്ള കഴിവില്ല. നിന്റെ തീരുമാനങ്ങൾ തെറ്റാണ്. ഞങ്ങൾ പറയുന്നതാണ് ശരി’. എന്ന മീറ്റർ പിടിക്കുന്നത് മായാവി സിനിമയിൽ സലിം കുമാർ പറയുന്ന പോലെ സ്രാങ്ക് പറയും അപ്പൊ കേട്ടാ മതി ലൈനാണ്, മഹാ ബോറാണ്. പിന്നെ മകൾ വൈകാരികമായി വേദനിക്കുമോ എന്ന് ജനുവിനായി ആശങ്കയുള്ളവർ ഇരുപതു മില്ല്യനിലധികം ആളുകൾ വരുന്ന ഷോയിൽ വന്നിരുന്നു മകളെ സൈബർ ലിഞ്ചിങ്ങിന് എറിഞ്ഞു കൊടുക്കില്ല.

‘ഞങ്ങളാണ് വേദന അനുഭവിക്കുന്നത്’ ഇമോഷണൽ പ്രഷർ. ‘നിന്റെ പ്രവൃത്തികൾ കാരണം ഞങ്ങളാണ് വേദന അനുഭവിക്കുന്നത്.’
ഒരു മകൾ സ്വന്തം ഇഷ്ടപ്രകാരം ഒരു ബന്ധം തിരഞ്ഞെടുക്കുന്നു. അതിൽ മാതാപിതാക്കൾക്ക് പ്രശ്നമുണ്ടാകുന്നതിന്റെ കോർ അവർ മകളെ ഒരു ഇൻഡിവിജുവൽ ആയി കാണുന്നില്ല എന്നതും, സ്വാതന്ത്രമായി തീരുമാനം എടുക്കാൻ അവൾക്ക് കഴിവില്ല എന്ന് കരുതുമ്പോളുമാണ്.

മാതാപിതാക്കളുടെ ആശങ്കകൾ കേൾക്കുക എന്നത് മകളുടെ ഉത്തരവാദിത്തമാണ് എന്നാൽ തന്റെ തീരുമാനം സാക്രിഫൈസ് ചെയ്തു മാതാപിതാക്കളുടെ എല്ലാ വൈകാരിക വേദനയും ഇല്ലാതാക്കുക എന്നത് മകളുടെ ഉത്തരവാദിത്തമല്ല എന്ന് മനസിലാക്കേണ്ടതുണ്ട്.

നേഹയുടെ മാതാപിതാക്കളാണോ കുറ്റക്കാർ?

നേഹയുടെ മാതാപിതാക്കളുടെ ഭാഗത്ത്‌ പ്രശ്നമുണ്ട്. പക്ഷെ അവർ മാത്രമാണ് കുറ്റക്കാർ എന്ന് പറയാനാവില്ല. കാരണം, മാതാപിതാക്കൾക്ക് മകളോട് പരിഭവം ഉണ്ടാകാം, ഉപദേശിക്കാം, അത് പ്രകടിപ്പിക്കാം. പക്ഷേ അതൊരു പൊതു വേദിയിലാക്കുമ്പോളും, സ്വന്തം തീരുമാനങ്ങൾ എടുക്കുമ്പോൾ മാതാപിതാക്കളെ മറന്നു എന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നതും അവളുടെ ചോയ്സ് നെ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നതും ശരിയായ രീതിയല്ല.

ഇവിടെ നേഹ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കുക, ‘എന്ത് സംഭവിച്ചാലും കുറ്റപ്പെടുത്തപ്പെടുന്നത് സ്ത്രീയായിരിക്കുമെന്ന് എനിക്കറിയാം.’
‘എനിക്ക് കള്ളമായി ജീവിക്കാനോ എന്റെ വികാരങ്ങൾ മറച്ചുവയ്ക്കാനോ കഴിയില്ല.’

മാതാപിതാക്കൾ സ്വന്തം മക്കളുടെ തീരുമാനങ്ങളോട് പ്രതികരിക്കുന്നത് എല്ലായ്പ്പോഴും അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമല്ല. ചിലപ്പോൾ സമൂഹത്തിന്റെ പ്രതീക്ഷകളും കുടുംബത്തിന്റെ പെരുമാറ്റത്തെ സ്വാധീനിക്കും.
ഇതിന് സോഷ്യൽ കോൺഫോമിറ്റി അഥവാ സമൂഹത്തിന്റെ സമ്മർദം എന്നാണ് പറയുക. അതായത്, സമൂഹത്തിലെ അംഗീകൃതമായ ചട്ടങ്ങൾക്കും പ്രതീക്ഷകൾക്കും അനുസരിച്ച് സ്വന്തം പെരുമാറ്റവും നിലപാടുകളും മാറ്റേണ്ടി വരുന്ന അവസ്ഥ.

ബന്ധുക്കൾ എന്തു വിചാരിക്കും? നാട്ടുകാർ എന്തു പറയും? കുടുംബത്തിന്റെ സാമൂഹിക അന്തസ്സ് നഷ്ടപ്പെടുമോ? മതസമൂഹത്തിൽനിന്ന് വിമർശനമുണ്ടാകുമോ? മകളുടെ തീരുമാനത്തിന്റെ പേരിൽ മാതാപിതാക്കൾ അപമാനിക്കപ്പെടുമോ? ഇത്തരം ചോദ്യങ്ങൾ മാതാപിതാക്കളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.

പിന്നെ ഇന്റെർണലൈസ്ഡ് പാട്രിയാർക്കി എന്നൊന്നുണ്ട്, പുരുഷാധിപത്യം പുരുഷന്മാർ മാത്രം നിലനിർത്തുന്ന ഒരു സാമൂഹിക വ്യവസ്ഥയല്ല. ഇവിടെ അമ്മയും അച്ഛനും മകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അതിനു പിന്നിൽ സ്വന്തം വ്യക്തിപരമായ വിശ്വാസങ്ങൾ മാത്രമല്ല, തലമുറകളായി കൈമാറിവന്ന സാമൂഹിക മൂല്യങ്ങളും പ്രവർത്തിക്കുന്നുണ്ട്.

സമൂഹം മാതാപിതാക്കളെ സ്വാധീനിക്കുന്നുണ്ടാകാം. പക്ഷേ സ്വന്തം മകളോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വ്യക്തിപരമായ ഉത്തരവാദിത്വമുണ്ട്. അവളെ സൈബർ ലിഞ്ചിങ്ങിനു ഇട്ടു കൊടുത്തത് അവരുടെ ഭാഗത്തെ തെറ്റാണ്, അപ്പോളും അതിന് വേദിയൊരുക്കിയ ഷോ ഡിറക്ട്ടേഴ്‌സാണ് പ്രാഥമികമായി കുറ്റക്കാർ.

പെൺകുട്ടി മുതിർന്നാൽ ഇക്കണോമിക് ഇൻഡിപെൻഡൻസ് അനുവദിക്കുകയും ഇമോഷണൽ ഇൻഡിപെൻഡൻസ് നിഷേധിക്കുകയും ചെയ്യുന്ന കലഹരണപ്പെട്ട, അങ്ങേയറ്റം പുരുഷ കേന്ദ്രീകൃതമായ കുടുംബ സംവിധാനമാണ് ഇവിടെ പ്രവൃത്തിക്കുന്നത് എന്നത് നേഹയുടെ വാക്കുകളിൽ കൂടി തന്നെ അനാവൃതമാകുന്നു.

സമൂഹത്തിന്റെ അംഗീകാരം നേടാനായി മക്കളുടെ ജീവിതം നിയന്ത്രിക്കുന്ന കുടുംബത്തെ മക്കളുടെ വ്യക്തിത്വത്തെയും ചോയ്സുകളെയും ബഹുമാനിക്കാൻ പറ്റുന്ന രീതിയിലേക്ക് റെഡിഫിനെ ചെയ്യേണ്ടതുണ്ട് എന്ന് ഈ സംഭവം വ്യക്തമാക്കുന്നുണ്ട്.

ബിഗ് ബോസ് ഷോ അധികൃതർ ഈയൊരു വിഷയം നേഹയും മാതാപിതാക്കളും തമ്മിലുള്ള ഒരു സ്വകാര്യ സംഭാഷണത്തിനു അവസരമൊരുക്കാതെ അത് മാർക്കറ്റ് ചെയ്തു കച്ചവടം ചെയ്തതിൽ നിന്നാണ് ഈ പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നത്. പ്രോഫിറ്റ് മോട്ടീവ് ആയ ഒരു ഷോയുടെ, കച്ചവടത്തിന്റെ രീതിയാകാം അത് എന്ന് മാത്രം പറഞ്ഞൊഴിവാകാനാകില്ല. ബിഗ് ബോസ് എന്ന ഷോയുടെ, ഇതിന്റെയൊക്കെ തുടക്കമായത്‌ 1999 ൽ നെതർലൻഡ്സിൽ ആരംഭിച്ച, 2000 ത്തിന്റെ ആദ്യപാദങ്ങളിൽ യു.കെയിലും യു.എസിലും ട്രെൻഡ് ആയ ബിഗ് ബ്രദർ എന്ന ഷോ ആയിരുന്നു.

ബിഗ് ബ്രദർ ഷോ

ചില ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒരു മനുഷ്യൻ കരയുമ്പോൾ നമുക്ക് അയാളുടെ വേദന മനസ്സിലാക്കാനാണോ താത്പര്യം, അതോ അയാൾ എങ്ങനെ കരയുന്നു എന്ന് കാണാനാണോ താത്പര്യം? ഒരു മനുഷ്യൻ അപമാനിക്കപ്പെടുമ്പോൾ നമുക്ക് അയാളുടെ അന്തസ്സ് സംരക്ഷിക്കണമെന്നാണോ തോന്നുന്നത്, അതോ ആ അപമാനം കൂടുതൽ നേരം കാണണമെന്നാണോ തോന്നുന്നത്?

ഒരു മനുഷ്യന്റെ സ്വകാര്യജീവിതം ലക്ഷക്കണക്കിന് ആളുകളുടെ വിനോദമായി മാറുമ്പോൾ, ആ വിനോദത്തിന്റെ ധാർമിക ഉത്തരവാദിത്വം ആർക്കാണ്?

ഇതിനുത്തരം തേടുമ്പോൾ ഈ ഷോയുടെ വേരുകൾ 15–18 നൂറ്റാണ്ടുകളിൽ കൊളോണിയൽ വ്യാപനത്തിന്റെയും കാലത്ത് ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് തദ്ദേശീയരായ മനുഷ്യരെ യൂറോപ്പിലേക്ക് കൊണ്ടുവന്ന് പ്രദർശിപ്പിക്കുന്ന, മനുഷ്യരെ കൗതുകവസ്തുക്കളാക്കുന്ന ഹ്യൂമൻ സൂ എന്ന ആശയത്തിലാണെന്നു പറയേണ്ടി വരും. 19ആം നൂറ്റാണ്ടിൽ Human Zoo കൂടുതൽ സംഘടിതമായ ഒരു പ്രദർശനവ്യവസായമായി മാറി.

എല്ലാ രീതിയിലും ഒരേ പോലെയല്ലെങ്കിലും, 19 ആം നൂറ്റാണ്ടിലെ ഹ്യൂമൻ സൂവും ആധുനികകാലത്തെ ബിഗ് ബ്രദർ/ ബിഗ് ബോസ് പോലുള്ള റിയാലിറ്റി ടെലിവിഷൻ പരിപാടികളും തമ്മിൽ ഒരു മനശാസ്ത്രപരമായ സാമ്യമുണ്ട്. ഹ്യൂമൻ സൂവിൽ വംശീയതയും കൊളോണിയൽ അധികാരവും മനുഷ്യാവകാശ ലംഘനവും കേന്ദ്രസ്ഥാനത്തായിരുന്നു.

ബിഗ് ബ്രദർ പോലുള്ള പരിപാടികൾ സാധാരണയായി സമ്മതത്തോടെ പങ്കെടുക്കുന്നവരെ അടിസ്ഥാനമാക്കിയുള്ള വിനോദപരിപാടികളാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത്, മനുഷ്യനെ ഒരു വ്യക്തി എന്ന നിലയിൽനിന്ന് ഒരു കാഴ്ചവസ്തുവായി (Spectacle) മാറ്റുന്ന പ്രക്രിയയാണ്. ചരിത്രത്തിലെ ഹ്യൂമൻ സൂവിൽ ശരീരമായിരുന്നു പ്രദർശനവസ്തു. ആധുനിക റിയാലിറ്റി ടി.വിയിൽ ശരീരത്തോടൊപ്പം വികാരങ്ങളും ബന്ധങ്ങളും സംഘർഷങ്ങളും പ്രദർശനവസ്തുക്കളാകുന്നു.

റിയാലിറ്റി ടി.വി ഷോക്കൾ മറ്റുള്ളവരുടെ സ്വകാര്യജീവിതവും സ്വകാര്യ പെരുമാറ്റങ്ങളും നിരീക്ഷിക്കുന്നതിലുള്ള മനുഷ്യന്റെ കൗതുകത്തെ ഒരു വിനോദ ഉത്പ്പന്നമാക്കി മാറ്റുന്നു. സാധാരണ ജീവിതത്തിൽ നമുക്ക് മറ്റൊരാളുടെ സ്വകാര്യ മുറിയിലേക്കോ കുടുംബപ്രശ്നങ്ങളിലേക്കോ ബന്ധങ്ങളിലേക്കോ നേരിട്ട് പ്രവേശിക്കാൻ കഴിയില്ല. എന്നാൽ ബിഗ് ബ്രദർ പോലുള്ള പരിപാടികൾ ക്യാമറയിലൂടെ ആ സ്വകാര്യതയിലേക്ക് പ്രവേശനം നൽകുന്നു.

ഇവിടെ കാഴ്ചക്കാർക്ക് മറ്റുള്ളവരുടെ സ്വകാര്യ സംഭാഷണങ്ങൾ കാണാനും, പ്രണയബന്ധങ്ങളിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാനും,വഴക്കുകളും തർക്കങ്ങളും കാണാനും, ഒരാൾ കരയുന്നതും തളരുന്നതും ഒക്കെ നിരീക്ഷിക്കാനുള്ള അവസരവും ലഭിക്കുന്നു. Humilitainment എന്നൊരു കാര്യമുണ്ട്. ഇത്തരം ഷോകളെ വിജയിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണിത്. സംഗതി സിംപിളാണ്‌, പവർഫുള്ളും. Humiliation + Entertainment = Humilitainment. ഇത്രേയുള്ളൂ. വിശദമായി പറയാം.

മനുഷ്യനിൽ ഷാഡൻ ഫ്രോയ്ഡ് (Schadenfreude) എന്നൊരു സ്വാഭാവികമായ മനശാസ്ത്രപരമായ പ്രതിഭാസം വർക്ക്‌ ചെയ്യുന്നുണ്ട്. ജർമ്മൻ ഭാഷയിൽ നിന്നുള്ള ഈ വാക്കിന്റെ അർത്ഥം ‘മറ്റുള്ളവരുടെ ദൗർഭാഗ്യത്തിൽ സന്തോഷം കണ്ടെത്തുക’ എന്നതാണ്.

മറ്റൊരാളുടെ അപമാനവും നാണക്കേടും വൈകാരിക തകർച്ചയും വിനോദത്തിന്റെ ഭാഗമാകുന്ന പ്രവണതയെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ഇവിടെ ഷോയിൽ എത്തുമ്പോൾ ഒരു വ്യക്തിയുടെ വേദന ഒരു വിനോദ ഉത്പ്പന്നമായി മാറുന്നു. മത്സരാർത്ഥിയെ എല്ലാവരുടെയും മുന്നിൽ പരിഹസിക്കുക, അയാളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക, കരയുന്ന രംഗങ്ങൾ വീണ്ടും വീണ്ടും കാണിക്കുക, വഴക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിൽ എഡിറ്റിങ് നടത്തുക, എന്നിവയുടെ ഒക്കെ പിന്നിൽ പ്രവർത്തിക്കുന്ന മനോഭാവം ഇതാണ്.

വളരെ ശാസ്ത്രീയമായ, മനശാസ്ത്രപരമായ അടിത്തറ ഇതിനുണ്ട്. തലച്ചോറിലെ റിവാർഡ് സിസ്റ്റം (The Brain’s Reward System) നമ്മൾ ഒരു നല്ല ഭക്ഷണം കഴിക്കുമ്പോഴോ, പണം സമ്പാദിക്കുമ്പോഴോ, വിജയം നേടുമ്പോഴോ തലച്ചോറിൽ സന്തോഷവും സംതൃപ്തിയും നൽകുന്ന ഡോപാമിൻ (Dopamine) എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടാറുണ്ട്.

എന്നാൽ, മറ്റൊരാൾ കഷ്ടപ്പെടുന്നത് കാണുമ്പോഴും തലച്ചോറിലെ ഈ റിവാർഡ് സിസ്റ്റം സജീവമാകുന്നു എന്നതാണ്. നമ്മൾ അറിയാതെ തന്നെ മറ്റുള്ളവരുടെ പരാജയത്തിൽ സന്തോഷിക്കുന്നത് നമ്മുടെ തലച്ചോറിലെ ഡോപാമിൻ റിവാർഡ് പാതകളുടെ (Dopaminergic pathways) സ്വാഭാവികമായ ഒരു പ്രതികരണമാണ്. എങ്കിലും, മനുഷ്യന്റെ Prefrontal Cortex ഇതിനെ നിയന്ത്രിക്കാനും അനുകമ്പ കാണിക്കാനും നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്.

Producers’ Psychology
സംഘർഷം സൃഷ്ടിക്കുന്ന വിനോദവ്യവസായം

മുകളിൽ വിവരിച്ച, മനുഷ്യന്റെ universal ആയ ഇത്തരമൊരു മനോഭാവത്തെ ഉന്നം വച്ചത് കൊണ്ടാണ് 1999 ൽ നെദർലന്റനിൽ ആരംഭിച്ച ബിഗ് ബ്രദർ പോലുള്ള ഷോകൾ പല വേർഷസിലൂടെ ലോകമെങ്ങും വ്യാപിക്കുകയും വിജയിക്കുകയും ചെയ്തത്. ഇവിടെ പ്രേക്ഷകരുടെ മനശാസ്ത്രം മാത്രമല്ല, പരിപാടി നിർമ്മിക്കുന്നവരുടെ താത്പര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.

റിയാലിറ്റി ടി.വി ഒരു മത്സരവേദി മാത്രമല്ല. അതൊരു സാമ്പത്തിക ഉത്പ്പന്നവുമാണ്. കൂടുതൽ പ്രേക്ഷകർ = കൂടുതൽ റേറ്റിങ് = കൂടുതൽ പരസ്യവരുമാനം. അതിനാൽ ഷോകളിൽ സംഘർഷങ്ങൾ, പ്രണയബന്ധങ്ങൾ, അസൂയയും മത്സരവും, വഴക്കുകളും കരച്ചിലും, വൈകാരിക തകർച്ച, അപ്രതീക്ഷിതമായ പ്രതികരണങ്ങൾ, വ്യക്തിപരമായ രഹസ്യങ്ങൾ എന്നിവയ്ക്കൊക്കെ കൂടുതൽ പ്രാധാന്യം ലഭിക്കാം.

ഇവിടെ പ്രവർത്തിക്കുന്നത് സെൻസേഷനലിസം എന്ന മാധ്യമപ്രവണതയാണ്. ഒരു സാധാരണ സംഭാഷണത്തേക്കാൾ വഴക്കിനും ഒരു സാധാരണ പ്രതികരണത്തേക്കാൾ വൈകാരിക തകർച്ചയ്ക്കും കൂടുതൽ ശ്രദ്ധ ലഭിക്കുമ്പോൾ പരിപാടിയുടെ അവതരണരീതി അതിനനുസരിച്ച് മാറുന്നു.

അപ്പോളാണ് ഒരേ സമയത്ത്, ആകെ തകർന്നിരിക്കുന്ന പെൺകുട്ടിയോട് ചിരിക്കുന്നില്ലേ എന്നത് പോലെയുള്ള ഊളത്തരം എഴുന്നെള്ളിക്കാനും മറുവശത്തുള്ള ആൺകുട്ടിയുടെ വികാരവിക്ഷോഭങ്ങൾ റദ്ദ് ചെയ്തു പെരുമാറാനും ആംഗറിന് കഴിയുക.

ഇതൊരു പോളിഷ്ഡ്, കൊമ്മേർഷ്യലൈസ്ഡ് ഹ്യൂമൻ സൂ തന്നെയാണെന്ന് മനസ്സിലാക്കിയാൽ ഒരു പക്ഷെ നമുക്കിപ്പോൾ തോന്നുന്ന ഞെട്ടൽ അങ്ങൊഴിവായിക്കിട്ടിയേക്കും. അപ്പോളും ഇത്രയും പ്രഷറും ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങും നടന്നിട്ടും അത്രയും ക്ലാരിറ്റിയിൽ സ്വന്തം നിലപാട് പറയുന്ന നേഹ ഫാത്തിമയെന്ന ജൻ സീ പെൺകുട്ടി പ്രതീക്ഷയാകുന്നു.

Content Highlight:‘Bigg Boss’ and the ‘Human Zoo’—a toxic society in disguise.

അരുൺ എയ്ഞ്ചല

ഫോട്ടോ ജേര്‍ണലിസ്റ്റ്

We use cookies to give you the best possible experience. Learn more