| Tuesday, 5th August 2025, 12:58 pm

കേരളത്തിന് ചേരാത്ത വസ്ത്രധാരണം, എലിമിനേറ്റ് ചെയ്യണമെന്ന് ഷാനവാസ്, ഷോര്‍ട്‌സ് ഇട്ടുകൊണ്ട് ഇത് പറയണോ എന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ബിഗ് ബോസിന്റെ ഏഴാമത്തെ സീസണ് കഴിഞ്ഞദിവസം കൊടിയേറിയിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. സിനിമാ, സീരിയല്‍, സോഷ്യല്‍ മീഡിയ രംഗത്ത് നിന്നുള്ളവര്‍ ആദ്യദിനം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ മത്സരം തുടങ്ങി രണ്ടാംദിനം തന്നെ വിവാദങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഈയാഴ്ച ആരെ എലിമിനേറ്റ് ചെയ്യണമെന്ന് കഴിഞ്ഞദിവസം അഭിപ്രായം ചോദിച്ചിരുന്നു. സീരിയല്‍ നടനായ ഷാനവാസ് ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ജിസേലിന്റെ വസ്ത്രധാരണം ശരിയല്ലെന്നും അത് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമാണ് ഷാനവാസ് എലിമിനേഷന് കാരണമായി പറഞ്ഞത്. മോഡലിംഗ് രംഗത്ത് നില്‍ക്കുന്ന ജിസേലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഷാനവാസിന്റെ ഈ വാദത്തിന് വലിയ വിമര്‍ശനമാണ് ലഭിക്കുന്നത്.

ഷോര്‍ട്‌സ് ധരിച്ചുകൊണ്ടാണ് ഷാനവാസ് ഇക്കാര്യം പറഞ്ഞത്. ‘ഷോര്‍ട്‌സ് കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതാണോ’ എന്നാണ് പലരും ചോദിക്കുന്നത്. ‘ചേട്ടന്‍ ആദ്യം ആ ഷോര്‍ട്‌സിന്റെ മേലെ ഒരു മുണ്ട് ഉടുത്തിട്ട് വാ’, ‘ഇവനൊക്കെ ഏത് നൂറ്റാണ്ടിലാണ്’, ‘കുലപുരുഷു ലോഡിംഗ്,’ ‘മോഡലിംഗ് ചെയ്യുന്നവര്‍ പിന്നെ നൈറ്റി ഇടണോ’ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഷാനവാസിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ലെസ്ബിയന്‍ ദമ്പതികളായ ആദിലയെയും നൂറയെയും മത്സരാര്‍ത്ഥികളായി തെരഞ്ഞെടുത്ത ഈ സീസണിലാണ് ഇത്തരം പ്രാകൃതമായ ചിന്താഗതിയുമായി ഒരാള്‍ വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമായ കാര്യമെന്നും കമന്റുകളുണ്ട്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഷാനവാസ്.

ആദ്യത്തെ ആഴ്ച തന്നെ ഇത്തരമൊരു വിവാദം ഉണ്ടായ സ്ഥിതിക്ക് വരുംദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസില്‍ ഒരുപാട് പൊട്ടിത്തെറികളും ഇതിനെക്കാള്‍ വലിയ വിവാദങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 100 ദിവസം തികക്കുന്നത് ആരാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു.

Content Highlight: Big Boss Contenstant Shanavas’s comment about Gizele’s dressing gone viral

We use cookies to give you the best possible experience. Learn more