| Saturday, 26th September 2026, 9:56 pm

ബിദാദി ടൗണ്‍ഷിപ്പ് പദ്ധതി: ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ ദയാവധത്തിന് അനുമതി തേടി കര്‍ഷകര്‍; പ്രതിഷേധം കടുക്കുന്നു

അഞ്ജു ചന്ദ്രന്‍

ബെംഗളൂരു: ബിദാദി ടൗണ്‍ഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കര്‍ണാടകയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്തപക്ഷം ദയാവധത്തിന് അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് കര്‍ഷകര്‍ നിവേദനം നല്‍കി.

അഞ്ച് ദിവസമായി തുടരുന്ന നിരാഹാര സമരത്തിനിടെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗ്രേറ്റര്‍ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് പദ്ധതിക്കായി 9,640 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.

ഒമ്പത് റവന്യൂ ഗ്രാമങ്ങളും 16 റവന്യൂ ഇതര ഗ്രാമങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്താണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഭൂരിഭാഗവും ഗ്രാമീണ കൃഷിഭൂമിയാണെന്നാണ് കര്‍ഷക സംഘടനകളുടെ വാദം.

‘ഒരു കര്‍ഷകന് ഭൂമി നിഷേധിക്കുന്നത് അയാളെ ജീവനോടെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ഭൂമി നഷ്ട്ടപ്പെടുന്നത് കുടുംബങ്ങളെ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും തള്ളിവിടും. ഭൂമി നഷ്ട്ടപ്പെട്ടതിന് ശേഷം തെരുവില്‍ മരിക്കുന്നതിനേക്കാള്‍ കൂട്ടായ ദയാവധം നേരിടാന്‍ ഞങ്ങള്‍ തയാറാണ്,’ കര്‍ഷകര്‍ പറഞ്ഞു.

568 ദിവസമായി ബൈരമംഗലം സര്‍ക്കിളില്‍ കര്‍ഷകര്‍ പ്രതിഷേധം സമരം നടത്തിവരുകയാണ്. അഞ്ച് ദിവസം മുമ്പ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സെപ്റ്റംബര്‍ 22ന് ആയിരക്കണക്കിന് കര്‍ഷകര്‍ ബിദാദി-ഹരോഹള്ളി റോഡ് ഉപരോധിച്ചും ട്രാക്ടറുകളും കാളവണ്ടികളും റോഡിലിറക്കിയും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു.

ഭൂമി നഷ്ടപ്പെടുന്നതിനേക്കാള്‍ മരണം സ്വീകരിക്കാമെന്ന നിലയിലേക്ക് കര്‍ഷകരുടെ പ്രതിഷേധം എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, നിര്‍ബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്നും ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും സര്‍ക്കാര്‍ പറയുന്നു.

പദ്ധതിയെക്കുറിച്ച് പരിശോധിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചിതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Bidadi Township Project: Farmers seek permission for euthanasia if land is acquired; protests intensify.

 
അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more