| Friday, 8th August 2025, 9:44 pm

സഹതാപത്തോടെയല്ലാതെ അത് ചോദിച്ചവരില്‍ ഒരാളാണ് മമ്മൂക്ക; എന്റെ കണ്ണുനിറഞ്ഞു: ബിബിന്‍ ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനും തിരക്കഥാകൃത്തുമാണ് ബിബിന്‍ ജോര്‍ജ്. വിഷ്ണു ഉണ്ണികൃഷനുമായി ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബിബിനായിരുന്നു.

പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ, വെടിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് വിഷ്ണുവിനൊപ്പം തിരക്കഥയൊരുക്കി. ഒരു യമണ്ടന്‍ പ്രേമകഥ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകനായത്.

ഇപ്പോള്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കുറിച്ച് പറയുകയാണ് ബിബിന്‍ ജോര്‍ജ്. മമ്മൂട്ടിയുടെ മനസിലെ സ്‌നേഹം ദുല്‍ഖറിലൂടെ പ്രകടമാകുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നാണ് ബിബിന്‍ പറയുന്നത്. വളരെയധികം കരുതലുള്ള ആളാണ് മമ്മൂട്ടിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘സഹതാപത്തോടെ അല്ലാതെ ആത്മാര്‍ഥമായ സ്‌നേഹത്തോടെ എന്റെ കാല് ശരിയാക്കുന്നതിനെ കുറിച്ച് ചോദിച്ചിട്ടുള്ള അപൂര്‍വം ആളുകളില്‍ ഒരാള്‍ മമ്മൂക്കയാണ്. അന്ന് എന്റെ കണ്ണ് നിറഞ്ഞുപോയി.

മമ്മൂക്ക ദേഷ്യപ്പെടുന്നതില്‍ പോലും സ്‌നേഹമുണ്ട്. ദുല്‍ഖര്‍ വളരെ കൂളാണ്. തമാശകളും കുസൃതികളുമൊക്കെയായി വളരെ പെട്ടെന്ന് എല്ലാവരോടും അടുക്കുന്ന ആളാണ്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

ഇന്നത്തെക്കാലത്ത് തമാശയെഴുതി ആളുകളെ ചിരിപ്പിക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്നും നടന്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിബിന്‍.

‘പഴയ സിനിമകളിലെ തമാശ രംഗങ്ങളൊക്കെ എടുത്ത് ആളുകള്‍ ഇപ്പോള്‍ കുറ്റം പറയുന്നത് ശ്രദ്ധിക്കാറുണ്ട്. ഒരു കാര്യം മനസിലാക്കേണ്ടത്, ഏതൊരു കലാരൂപവും ഉണ്ടാകുന്നത് അതാത് കാലത്തെ സാമൂഹിക പശ്ചാത്തലത്തിലാണ്. ഇപ്പോഴത്തെ അറിവും ബോധ്യങ്ങളും വെച്ച് പണ്ടുകാലത്തെ സിനിമകളെ വലിച്ചു കീറാന്‍ പോകരുത്,’ ബിബിന്‍ ജോര്‍ജ് പറയുന്നു.

എല്ലാവരും തന്റെ സിനിമ ഏറ്റവും മികച്ചതാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണെന്നും നടന്‍ പറഞ്ഞു. ഓരോ സിനിമക്ക് പിന്നിലും ഒരുപാട് കഷ്ടപ്പാടുകളും ത്യാഗങ്ങളുമൊക്കെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ കണ്ടിട്ട് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഉടനെ അതിന്റെ സംവിധായകനെയും മറ്റും സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നതിനോടും ക്രൂശിക്കുന്നതിനോടും യോജിപ്പില്ലെന്നും ബിബിന്‍ പറഞ്ഞു.

Content Highlight: Bibin George Talks About Mammootty

We use cookies to give you the best possible experience. Learn more