മലയാള സിനിമയിലെ യുവനിരയില്‍ വിജയകരമായി നല്ല തിരക്കഥകള്‍ സൃഷ്ടിച്ച കൂട്ടുകെട്ടാണ് ബിബിന്‍ ജോര്‍ജിന്റെതും വിഷ്ണു ഉണ്ണികൃഷണന്റെതും. ഇരുവരും ഒന്നിച്ചെഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഒരു സ്ഥാനം സൃഷ്ടിച്ചെടുക്കാന്‍ കൂട്ടുകെട്ടിന് സാധിച്ചിരുന്നു.
ബിബിനും വിഷ്ണുവും. Photo: X.com
ബാലതാരമായിരിക്കെ തന്നെ സിനിമയില്‍ സജീവമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ കട്ടപ്പനയിലെ ഋത്വിക് റോഷനിലെ കഥാപാത്രത്തിലൂടെ നായകനടനായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെ ബിബിന്‍ ജോര്‍ജും സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ വിഷ്ണുവുമായുള്ള ബന്ധത്തെക്കുറിച്ചും തങ്ങളുടെ കരിയറില്‍ എടുത്ത ഒരു നിര്‍ണായക തീരുമാനത്തെ കുറിച്ചും ബിബിന്‍ ജോര്‍ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാകുന്നത്.
‘എന്നെ കൈ പിടിച്ച് നടന്ന ഒരാളാണ് വിഷ്ണു. ഞങ്ങളെല്ലായിടത്തും ഒരുമിച്ചായിരുന്നു. അവന്‍ ആക്ടറായതിന് ശേഷം ഉദ്ഘാടനങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഒക്കെ വിളിക്കുമായിരുന്നു. അപ്പോള്‍ വിഷ്ണു പറയും ബിബിന്‍ കൂടെ വരും അവനുമുണ്ടാകുമെന്ന്. പക്ഷേ അതിന്റെ ആവശ്യമില്ല നിങ്ങള്‍ മാത്രം വന്നാല്‍ മതിയെന്ന് അവര്‍ ഫോണില്‍ കൂടെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അവരെയും കുറ്റം പറയാന്‍ പറ്റില്ല കാരണം നമ്മളവിടെ വരുന്നത് അവര്‍ക്ക് അധിക ചെലവാകുമല്ലോ.
ബിബിനും വിഷ്ണുവും. Photo: Times Now
കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ വിഷ്ണുവിനോട് പറഞ്ഞു നീ നിന്റെ വഴിക്ക് പോകുന്നതാണ് നല്ലത്, ഞാന്‍ എപ്പോഴെങ്കിലും ആ വഴിക്ക് വരാമെന്ന്. അത് എനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞു. കട്ടപ്പനയ്ക്ക് ശേഷം ഞാന്‍ ആദ്യമായി അഭിനയിക്കുന്നത് വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലാണ്. അതില്‍ ദിലീപേട്ടനെ തല്ലുന്ന ഒറ്റ സീന്‍ കണ്ടിട്ടാണ് റാഫി സാര്‍ ഫഹദിന്റെ വില്ലനായി എന്നെ റോള്‍ മോഡല്‍സിലേക്ക് വിളിക്കുന്നത്. ആ ചിത്രത്തിലെ ഫൈറ്റ് കണ്ടിട്ടാണ് ബോംബ് കഥ കിട്ടിയത്,’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബിബിന്‍ പറഞ്ഞു.
Content Highlight: Bibin George talks about his connection with Vishnu unnikrishnan