ചാനലുകളില്‍ സ്‌ക്രിപ്റ്റ് എഴുതുന്നതായിരുന്നു ആദ്യകാലത്തെ ജോലിയെന്നും അങ്ങനെയാണ് ബഡായി ബംഗ്ലാവിലേക്ക് എത്തിയതെന്നും ബിബിന്‍ ജോര്‍ജ് പറയുന്നു. അതില്‍ നിന്നും കിട്ടിയ ആത്മവിശ്വാസമാണ് സിനിമയെഴുത്തെന്നും എഴുത്തില്‍ കൂടുതല്‍ പ്രോത്സാഹനം തന്നത് സംവിധായകന്‍ ബി.സി. നൗഫലാണെന്നും അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണി സംഭവിച്ചതെന്നും ഇതിന് മുമ്പ് താനും വിഷ്ണുവും ചേര്‍ന്ന് എഴുതാന്‍ ശ്രമം നടത്തിയിരുന്നെന്നും എന്നാല്‍ പിന്നീട് അത് നടന്നില്ലെന്നും ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
‘ചാനലുകളില്‍ സ്‌ക്രിപ്റ്റ് എഴുതുന്നതായിരുന്നു ആദ്യകാലത്തെ പ്രധാനജോലി. വര്‍ഷങ്ങളോളം എഴുത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവസാനം എഴുതിയതാണ് ബഡായി ബംഗ്ലാവ്. അതില്‍നിന്നെല്ലാം കിട്ടിയ ആത്മവിശ്വാസമാണ് സിനിമയെഴുതാം എന്ന ചിന്തയിലേക്കെത്തിച്ചത്.
എഴുത്തില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നത് സംവിധായകന്‍ ബി.സി. നൗഫലാണ്. യമണ്ടന്‍ പ്രേമകഥയുടെ സംവിധായകനാണ് അദ്ദേഹം. അന്ന് അദ്ദേഹം സൂര്യാ ടി.വിയില്‍ രസികരാജ, കളിയും ചിരിയും പ്രോഗ്രാമുകള്‍ ചെയ്യുന്ന സമയമാണ്. ഒരു സിനിമ എഴുതിനോക്കൂ എന്ന് അദ്ദേഹമാണ് ആദ്യം എന്നോടുപറഞ്ഞത്. അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണി സംഭവിച്ചത്.
പക്ഷേ, ഇതിനുമുന്‍പ് ഞാനും വിഷ്ണുവും ചേര്‍ന്ന് ഒരു തിരക്കഥയെഴുതാന്‍ ശ്രമം നടത്തിയിരുന്നു. എം.എം. നാസര്‍ എന്നുപറഞ്ഞ് കാക്കനാട് ഒരു ചേട്ടനുണ്ട് പഞ്ചായത്ത് അംഗമൊക്കെയായിരുന്നു. അദ്ദേഹം പ്രൊഡ്യൂസ് ചെയ്യുന്ന ഒരു പടത്തിലേക്ക് എന്നെയും വിഷ്ണുവിനെയും ക്ഷണിച്ചിരുന്നു. സിദ്ദിഖ് സാറിന്റെയടുത്ത് കഥപറയാമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും അതൊന്നും പിന്നെ നടന്നില്ല,’ ബിബിൻ ജോർജ് പറയുന്നു.
അമര്‍ അക്ബര്‍ അന്തോണി
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നാദിർഷാ സംവിധാനം ചെയ്ത ചിത്രമാണ് അമർ അക്ബര്‍ അന്തോണി. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
Content Highlight: Bibin George Talkig about Amar Akbar Anthony Film