| Tuesday, 21st October 2025, 4:53 pm

ചാര്‍ലി 144p, ഒ.ടി.ടി റിലീസിന് ശേഷം ട്രോളന്മാരുടെ ഇരയായി ബിബിന്‍ ജോര്‍ജിന്റെ കൂടല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ശേഷം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയ ചിത്രമാണ് കൂടല്‍. നവാഗതരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിബിന്‍ ജോര്‍ജാണ് നായകനായി വേഷമിട്ടത്. ജൂണില്‍ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ മനോരമ മാക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കുകയും കഴിഞ്ഞദിവസം യൂട്യൂബിലെത്തുകയും ചെയ്തിരുന്നു.

ഒ.ടി.ടി റിലീസിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചിത്രത്തെ ട്രോളന്മാര്‍ കീറിമുറിക്കുകയാണ്. ബിബിന്‍ ജോര്‍ജിന്റെ ഗെറ്റപ്പും ഡയലോഗുകളുമാണ് ട്രോളിന് വിധേയമാകുന്നത്. ദുല്‍ഖറിന്റെ ഐക്കോണിക് കഥാപാത്രമായ ചാര്‍ലിയുമായി സാമ്യമുള്ള ഗെറ്റപ്പാണ് കൂടലില്‍ ബിബിന്റേത്. ഒപ്പം ആര്‍ട്ടിഫിഷ്യലായ ഡയലോഗും ട്രോളന്മാരുടെ ഇരയായി മാറി.

ചാര്‍ലിയില്‍ ഇടുക്കിയിലെ വട്ടവടയാണ് പ്രധാന ലൊക്കേഷനെങ്കില്‍ കൂടലില്‍ അട്ടപ്പാടിയാണ് പ്രധാന ലൊക്കേഷന്‍. ഒരുകൂട്ടം അപരിചിതര്‍ ഒരുദിവസത്തെ ക്യാമ്പിന് അട്ടപ്പാടിയിലെ കൂടല്‍ എന്ന റിസോര്‍ട്ടിലെത്തുന്നതും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥ. ക്യാമ്പിന്റെ നടത്തിപ്പ് ചുമതലയുള്ള ബോബി എന്ന കഥാപാത്രമായാണ് ബിബിന്‍ വേഷമിടുന്നത്.

ക്യാമ്പിലേക്ക് വന്ന ആളുകളെ ബോബി സ്വീകരിക്കുന്ന രംഗവും പിന്നീട് അട്ടപ്പാടിയെക്കുറിച്ച് വര്‍ണിക്കുന്ന രംഗവുമാണ് പ്രധാനമായും ട്രോളിന് ഇരയാകുന്നത്. ചാര്‍ലിയെ അനുകരിക്കുന്ന രീതിയിലാണ് ബോബി എന്ന കഥാപാത്രത്തിന്റെ പെരുമാറ്റം. ‘ക്രിഞ്ചെന്ന് പറഞ്ഞാല്‍ ക്രിഞ്ചിന് പോലും അപമാനമാകും’, ‘മീശപ്പുലിമല പോലെ അട്ടപ്പാടിയെ ഫേമസാക്കാന്‍ നോക്കി’ എന്നൊക്കെയാണ് പ്രധാന കമന്റുകള്‍.

ബിബിന്റെ കോസ്റ്റിയൂമിനെയും ട്രോളുന്നുണ്ട്. കഴുത്തിലിട്ട സ്‌കാര്‍ഫിനെയാണ് പ്രധാനമായും ട്രോളുന്നത്. ‘കീറിപ്പോയ ചവിട്ടിയാണോ കഴുത്തിലിട്ടിരിക്കുന്നത്’, ‘വെള്ളത്തിലിറങ്ങുമ്പോള്‍ മീന്‍ പിടിക്കാനുള്ള വലയാണെന്ന് തോന്നുന്നു’ എന്നിങ്ങനെയാണ് കമന്റുകള്‍. തിയേറ്ററില്‍ ഈ സിനിമ കണ്ടവരെ സമ്മതിക്കണമെന്ന തരത്തിലും കമന്റുകളുണ്ട്.

‘സിനിമ ലാഭമാകണമെന്ന് പ്രൊഡ്യൂസര്‍ക്ക് നിര്‍ബന്ധമില്ലെന്ന് തോന്നുന്നു’, ‘കഥ മോശമായാല്‍ എല്ലാം മോശമാകും, ആര്‍ട്ടിസ്റ്റിനെ മാത്രം ട്രോളിയിട്ട് കാര്യമില്ല’ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയാണ് കൂടലെന്നാണ് പലരും പറയുന്നത്. മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളിക്ക് ശേഷം ഏറ്റവുമധികം ട്രോള്‍ ലഭിച്ച ചിത്രമായി കൂടല്‍ മാറിയിരിക്കുകയാണ്.

Content Highlight: Bibin George’s Koodal movie got trolls after OTT release

We use cookies to give you the best possible experience. Learn more