| Thursday, 4th December 2025, 9:16 am

കേരളത്തിലെ സ്ത്രീകള്‍ ഓവര്‍ പ്രൊട്ടക്ടീവ്, പുറത്തുപോകാന്‍ മറ്റുള്ളവരുടെ അനുവാദം വേണം, എന്റെ നാട്ടില്‍ അങ്ങനെയല്ല: ബിയാന മോമിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്കോ എന്ന ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ അതില്‍ പ്രധാന കഥാപാത്രമായി വേഷമിട്ട മ്ലാത്തി ചേട്ടത്തിയെ ആരും മറക്കില്ല. മേഘാലയ സ്വദേശിയായ ബിയാന മോമിനാണ് മ്ലാത്തി ചേട്ടത്തിയെ ബിഗ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ആദ്യമായാണ് ബിയാന മുഴുനീള ചിത്രത്തിന്റെ ഭാഗമാകുന്നത്. കേരളത്തിലെ ഷൂട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് ബിയാന.

ബിയാന മോമിന്‍ Photo: Screen Grab/ Musik247

കേരളം എന്ന സ്ഥലവും മലയാളം എന്ന ഭാഷയും തനിക്ക് തീരെ പരിചയമില്ലായിരുന്നെന്ന് ബിയാന പറയുന്നു. ഡയലോഗുകളെല്ലാം പഠിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നെന്നും എന്നാല്‍ കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുമായി പൊരുത്തപ്പെട്ടെന്നും താരം പറഞ്ഞു. മലയാള സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ബിയാന കൂട്ടിച്ചേര്‍ത്തു.

‘ഷൂട്ടിങ് ലൊക്കേഷന്‍ ഒരു ഹില്‍ ഏരിയയായിരുന്നു. ഞങ്ങളുടെ നാടിന്റെ അതേ ജോഗ്രഫിയായതുകൊണ്ട് വലിയ ബുദ്ധിമുട്ട് തോന്നിയില്ല. എന്നാല്‍ കള്‍ച്ചറിന്റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങള്‍ കേരളത്തിലുണ്ട്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. ഇവിടുത്തെ സ്ത്രീകളെ വല്ലാതെ പ്രൊട്ടക്ട് ചെയ്യുന്നതായി തോന്നിയിട്ടുണ്ട്.

ബിയാന മോമിന്‍ Photo: Screen grab/ Mediaone TV

ഞങ്ങളുടെ നാട്ടില്‍ അങ്ങനെയല്ല. എവിടെ വേണമെങ്കിലും എപ്പോഴും പോകാം, എപ്പോള്‍ വേണമെങ്കിലും വരാം. കുടുംബത്തിലുള്ളവരോട് ചുമ്മാ പറയുകയേ വേണ്ടുള്ളൂ. ആരോടും പെര്‍മിഷന്‍ ചോദിക്കേണ്ട ആവശ്യമില്ല. ഇവിടെ കേരളത്തില്‍ വല്ലാതെ പ്രൊട്ടക്ടീവാണ്. എനിക്ക് അത് കണ്ട് ചിരി വരുമായിരുന്നു. എനിക്ക് പ്രൊട്ടക്ഷന്റെ ആവശ്യമില്ല, ഞാന്‍ ഓക്കെയാണ്,’ ബിയാന പറയുന്നു.

കേരളത്തിലെ ഭക്ഷണ സംസ്‌കാരവും മേഘാലയയിലേതില്‍ നിന്ന് വ്യത്യസ്തമാണെന്നും താരം പറഞ്ഞു. തനിക്ക് ആവശ്യമുള്ള ഭക്ഷണം ആവശ്യപ്പെടാമെന്ന് ക്രൂ തന്നോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ അത് വേണ്ടെന്ന് വെച്ചെന്നും ബിയാന കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഭക്ഷണം ആസ്വദിക്കാന്‍ താന്‍ തീരുമാനിച്ചെന്നും താരം പറയുന്നു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ബിയാന മോമിന്‍ Photo: Screen grab/ Asianet News

‘എന്റെ നാട്ടിലെ ഫുഡ് എപ്പോള്‍ വേണമെങ്കിലും എനിക്ക് ട്രൈ ചെയ്യാം. എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാനും പരീക്ഷിക്കാനും ശ്രമിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് കേരളത്തിലെ ഭക്ഷണങ്ങള്‍ തേടിപ്പിടിച്ച് ട്രൈ ചെയ്തു. ഇവിടത്തെ സ്റ്റേ മുഴുവന്‍ ഞാന്‍ എന്‍ജോയ് ചെയ്‌തെന്ന് തന്നെ പറയാം. എനിക്ക് ഇഷ്ടമുള്ള ഭക്ഷണമെല്ലാം ക്രൂ എനിക്ക് വേണ്ടി കൊണ്ടുവന്നിരുന്നു. പരമാവധി എന്‍ജോയ് ചെയ്തു,’ ബിയാന പറയുന്നു.

Content Highlight: Biana Momin about the cultural difference between Meghalaya and Kerala

We use cookies to give you the best possible experience. Learn more