| Thursday, 22nd October 2026, 10:16 am

ഇന്ത്യന്‍ ചരിത്രത്തിലെ ഏക ബൗളര്‍; ന്യൂസിലാന്‍ഡും വെട്ടിപ്പിടിക്കാന്‍ സ്വിങ് മാസ്റ്റര്‍ ഭുവി!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പര്യടനത്തിന് ഇന്ന് തുടക്കമാകും. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30നാണ് നടക്കുക. ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ഭുവനേശ്വര്‍ കുമാറാണ് പരമ്പരയില്‍ ഏവരും ഉറ്റുനോക്കുന്ന താരം.

ന്യൂസിലാന്‍ഡില്‍ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. സേനാ രാജ്യങ്ങളില്‍ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ഭുവനേശ്വര്‍ കുമാറിന്റെ ആധിപത്യം തന്നെയാണ് ഇതിന് കാരണം.

സേനാ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ടി-20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന ഏക ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍ കുമാര്‍. 2018ല്‍ സൗത്ത് ആഫ്രിക്കന്‍ പരമ്പരയിലും 2022ല്‍ ഇംഗ്ലണ്ടിലുമാണ് ഭുവനേശ്വര്‍ കുമാര്‍ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു ഇന്ത്യക്കാരനും ഈ അനശ്വര നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.

2018ലെ സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ വിജയിച്ചിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകള്‍ നേടിയാണ് ഭുവനേശ്വര്‍ തിളങ്ങിയത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭുവനേശ്വര്‍ തിളങ്ങിയത്. മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റുകളും താരം നേടി.

അതേസമയം 2022ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും 2-1ന് ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് വിക്കറ്റുകളാണ് ഭുവി നേടിയത്. ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ നിന്ന് 10 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും രണ്ടാം മത്സരത്തില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും നേടിയാണ് ഭുവനേശ്വര്‍ തിളങ്ങിയത്.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ന്യൂസിലാന്‍ഡിനെതിരായ തന്റെ തിരിച്ചുവരവിലും ഭുവി ആധിപത്യം പുലര്‍ത്തുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ രണ്ട് ഐ.പി.എല്‍ സീസണിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കിരീടം നേടിക്കൊടുത്തതില്‍ ഭുവിയുടെ സ്വിങ്ങിനും പേസിനും നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും അവസരം ലഭിക്കുമ്പോള്‍ ഭുവി പഴയ തന്ത്രങ്ങളൊന്നും മറക്കില്ലെന്നാണ് പ്രതീക്ഷ.

ന്യൂസിലാന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

Content Highlight: Bhuvneshwar Kumar, who has set a rare record in the history of Indian T20 cricket, is expected to deliver an excellent performance in the series against New Zealand as well
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more