| Monday, 5th October 2026, 5:39 pm

ഇന്ത്യയെ നയിക്കാന്‍ ഭുവനേശ്വര്‍ കുമാര്‍, കഴിഞ്ഞ വര്‍ഷത്തെ നാണക്കേടില്‍ നിന്നും കരകയറാന്‍ ലക്ഷ്യം കിരീടം

ആദർശ് എം.കെ.

ഹോങ് കോങ് സിക്സസിന്റെ പുതിയ പതിപ്പില്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയെ നയിക്കും. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ മോങ് കോക്കിലെ മിഷന്‍ റോഡ് ഗ്രൗണ്ടിലാണ് (Mission Road Ground in Mong Kok) ടൂര്‍ണമെന്റ് നടക്കുന്നത്.

ഭുവനേശ്വര്‍ കുമാര്‍. Photo: BCCI/x.com

ഭുവനേശ്വര്‍ കുമാറിന് പുറമെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവില്‍ അദ്ദേഹത്തിന്റെ സഹതാരമായ ക്രുണാല്‍ പാണ്ഡ്യയും ടീമിലുണ്ട്.

ഇന്ത്യന്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള നിതീഷ് റാണ, രാഹുല്‍ ത്രിപാഠി, ടി. നടരാജന്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഐ.പി.എല്‍ താരങ്ങളായ രാഹുല്‍ തെവാട്ടിയ, ശശാങ്ക് സിങ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ഇന്ത്യന്‍ ടീം: ഭുവനേശ്വര്‍ കുമാര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ തെവാട്ടിയ, ശശാങ്ക് സിങ്, രാഹുല്‍ ത്രിപാഠി, ടി. നടരാജന്‍.

നാല് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. മറ്റ് ടൂര്‍ണമെന്റുകളിലേതെന്ന പോലെ ഹോങ് കോങ് സിക്‌സസിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്.

ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഹോങ് കോങ്

ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, സ്‌കോട്‌ലാന്‍ഡ്

ഗ്രൂപ്പ് സി: ഇന്ത്യ, പാകിസ്ഥാന്‍, യു.എ.ഇ

ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഒമാന്‍

2025ലെ പതിപ്പില്‍ മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് നേടാനായത്. 2005ലാണ് ഇന്ത്യ അവസാനമായി ഈ കിരീടം ഉയര്‍ത്തിയത്.

ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തില്‍ ഈ നീണ്ട കിരീട വരള്‍ച്ചയ്ക്ക് അന്ത്യമിടാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഐ.പി.എല്‍ 2026ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി മികച്ച പ്രകടനമാണ് ഭുവനേശ്വര്‍ കുമാര്‍ പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റുകളോടെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ അദ്ദേഹം രണ്ടാമതെത്തി (29 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡ മാത്രമാണ് മുന്നിലുണ്ടായിരുന്നത്).

ഭുവനേശ്വർ കുമാർ. Photo: RCB/x.com

17.89 ആവറേജും 7.95 എക്കോണമി റേറ്റും നിലനിര്‍ത്തിയ അദ്ദേഹത്തിന്റെ പ്രകടനം ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടത്തിലും നിര്‍ണായകമായി.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് ഭുവനേശ്വര്‍ (206 മത്സരങ്ങളില്‍ നിന്ന് 226 വിക്കറ്റുകള്‍). 233 വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഇതില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്.

Content Highlight:  Bhuvneshwar Kumar to lead India for Hong Kong Sixes 2026

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more