| Tuesday, 12th May 2026, 6:36 pm

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല: ഭുവനേശ്വര്‍ കുമാര്‍

Sudev A

2026 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ പ്രതാപകാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്ന പ്രകടനമാണ് ഭുവി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരാനിരിക്കെ ഭുവി നടത്തുന്ന മാസ്മരിക പ്രകടനം താരത്തെ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിക്കുമെന്ന് ചര്‍ച്ചകളും നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുമെന്നുള്ള ഇത്തരത്തിലുള്ള വാര്‍ത്തകളെയെല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ് ഭുവി. വീണ്ടും ഇന്ത്യയുടെ നീല ജേഴ്‌സി അണിയുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നാണ് ഭുവി പറഞ്ഞത്.

തന്റെ കരിയറില്‍ നല്ല സമയവും മോശം സമയവും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ തനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ലെന്നും ഭുവി വ്യക്തമാക്കി. ആര്‍.സി.ബി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയിയിലാണ് ഭുവി ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഈ ലക്ഷ്യം ഞാന്‍ നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. ഞാന്‍ അത് ചെയ്യുന്ന സമയങ്ങളിലെല്ലാം എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇത്ര മത്സരങ്ങളില്‍ പവര്‍ പ്ലേകളില്‍ ഒരുപാട് വിക്കറ്റുകള്‍ നേടിയതിലും 200 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതിലും ഞാന്‍ സന്തോഷവാനാണ്.

വര്‍ഷങ്ങളായി ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്കുള്ള പ്രതിഫലമാണിതെന്നാണ് കരുതുന്നത്. എനിക്ക് നല്ല സമയവും മോശം സമയവും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. ഞാന്‍ ക്രിക്കറ്റ് നിര്‍ത്തിയാല്‍ ഇതെല്ലം ഓര്‍മകളായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ സമയങ്ങളില്‍ ഇതെല്ലം എനിക്ക് വളരെ സാധാരണമാണെന്നാണ് ഞാന്‍ കരുതുന്നു,’ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. നിലവിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഭുവി തന്നെയാണ് ഒന്നാമതുള്ളത്.

ഈ സീസണില്‍ ടി-20യിലെ ഒരു പുത്തന്‍ നാഴികക്കല്ലും ഭുവനേശ്വര്‍ സ്വന്തമാക്കിയിരുന്നു. കുട്ടി ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ നേടിയാണ് ഭുവനേശ്വര്‍ ചരിത്രം സൃഷ്ടിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഭുവി ഈ നേട്ടത്തിലെത്തിയത്.

ടി-20യില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍. ആദ്യമായി ടി-20യില്‍ 350 വിക്കറ്റുകള്‍ നേടിയത് പഞ്ചാബ് കിങ്‌സ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. എന്നാല്‍ ആദ്യമായി ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ പേസര്‍ ഭുവിയാണ്.

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടി ഭുവി തിളങ്ങിയിരുന്നു. മത്സരത്തില്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുനല്‍കിയാണ് ഭുവി നാല് വിക്കറ്റ് വീഴ്ത്തിയത്.

റായ്പൂരില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ആര്‍.സി.ബി മുംബൈയെ തകര്‍ത്തത്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. വിജയത്തോടെ 14 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മെയ് 13ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ബെംഗളൂരു നേരിടുക. റായ്പൂരാണ് വേദി.

Content Highlight: Bhuvaneswer kumar talks his comeback chances of Indian cricket team

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more