ഗുണനിലവാരമുള്ള ബൗളിങ്ങിന് മത്സരത്തെ നിയന്ത്രിക്കാന്‍ ഇപ്പോഴും സാധിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ടി-20യ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ടി-20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ ആധിപത്യം കൂടിവരുന്നതിനെക്കുറിച്ചും ബൗളര്‍മാരെ അത് ബാധിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഭുവനേശ്വര്‍ കുമാര്‍. നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ താരത്തിന് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇതുവരെ വലിയ പ്രകടനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല.
‘ബൗളര്‍മാര്‍ക്ക് പിഴവ് വരുത്താനുള്ള അവസരം വളരെ കുറവാണ്. അത് ഒരുപാട് ചര്‍ച്ച ചെയ്യുപ്പെടുന്നതുമാണ്. പക്ഷേ, ഒരു ബൗളര്‍ക്ക് താനുദ്ദേശിക്കുന്നിടത്ത് പന്ത് പിച്ച് ചെയ്യിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു ബൗളര്‍ക്ക് കളി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു,’ താരം പറഞ്ഞു.
അക്രമണാത്മക സമീപനവും ചെറിയ ബൗണ്ടറികളും മൂലം ടി-20 ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ടെന്ന് പറഞ്ഞ ഭുവന്വേര് കുമാര്‍ പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കാനും പിച്ചുമായി പൊരുത്തപ്പെടാന്‍ സാധിക്കാനും പറ്റുന്ന ബൗളര്‍മാര്‍ക്ക് മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ സാധിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
‘ചെറിയ ബൗണ്ടറികളാണ്. ബാറ്റര്‍മാര്‍ക്ക് എല്ലാം പിന്തുണയും നല്കുന്നു. പക്ഷേ, ഒരു ബൗളറാണ് ബാറ്റര്‍ക്ക് പന്ത് ഫീഡ് ചെയ്യുന്നത്. ഒരു ബോളിനെ എങ്ങനെ കളിക്കണമെന്നുള്ളത് ബാറ്ററാണ് തീരുമാനിക്കുന്നത്. സ്ഥിരത പുലര്‍ത്തുന്ന നല്ല ബൗളര്‍മാര്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്,’ താരം പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ തന്റെ ഭാവിയെക്കുറിച്ചും ഭുവനേശ്വര്‍ കുമാര്‍ സംസാരിച്ചു. ടീമില്‍ തിരിച്ചെത്തിയെങ്കിലും അന്താരാഷ്ട്ര കരിയറില്‍ താന്‍ മുന്നോട്ട് നോക്കുന്നില്ലെന്ന് പറഞ്ഞ താരം ഡൊമെസ്റ്റിക് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കണമെന്നതാണ് തന്റെ പ്രധാനലക്ഷ്യമെന്ന് പറഞ്ഞു.
‘ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളത്തിലിറങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഭാവിയെപ്പറ്റി അധികം ആലോചിക്കുന്നില്ല. ആഭ്യന്തരക്രിക്കറ്റില്‍ തുടരും. അത് മുഷ്താഖ് അലി ആണെങ്കിലും വിജയ് ഹസാരെ ആണെങ്കിലും,’ താരം പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെയുള്ള ആദ്യ മൂന്ന് ടി-20 കളിലും അവസരം കിട്ടിയ ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് മാത്രമാണ് പരമ്പരയില്‍ ഇത് വരെ നേടാനായത്. എക്കണോമി പതിനൊന്നിലധികവുമാണ്. ആരാധകര്‍ ആകാംക്ഷയോടെയാണ് ഭുവിയുടെ തിരിച്ചുവരവിനായി കാത്തിരുന്നത്.
ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
Content Highlight: Bhuvaneswar Kumar says bowlers still can control a game even when the conditions favour batters.