| Tuesday, 11th August 2026, 8:56 am

ഇന്ത്യക്കായി കളിക്കാൻ ഞാൻ തയ്യാറാണ് പക്ഷെ...തുറന്നു പറഞ്ഞ് ഭുവനേശ്വർ കുമാർ

സുദേവ് എ

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് പേസർ ഭുവനേശ്വർ കുമാർ. സെലക്ടർമാർ തന്നെ ടീമിലെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീണ്ടും ഇന്ത്യക്കായി കളിക്കാൻ താൻ തയ്യാറാണെന്നാണ് ഭുവനേശ്വർ പറഞ്ഞത്.

എന്നാൽ സെലക്ടർമാരാണ്‌ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും ഇന്ത്യൻ പേസർ പറഞ്ഞു. യു.പി ടി-20 ലീഗിൽ ലഖ്‌നൗ ഫാൽക്കൺസുമായുള്ള മത്സരശേഷം സംസാരിക്കുകയായിരുന്നു ഭുവനേശ്വർ.

‘ഇന്ത്യന്‍ ടീമില്‍ നിന്നും വിളി വന്നാല്‍ ഞാന്‍ എന്തിന് വേണ്ടെന്ന് പറയണം. തീര്‍ച്ചയായും ഞാന്‍ തയ്യാറാണ്. ഞാന്‍ എത്രത്തോളം തയ്യാറാണെന്ന് കൃത്യമായി പറയാന്‍ എനിക്ക് സാധിക്കില്ല. എന്റെ ജോലി ക്രിക്കറ്റ് കളിക്കുകയാണെന്നതാണ്. അതുകൊണ്ടാണ് ഞാന്‍ യു.പി ടി-20 ലീഗില്‍ കളിക്കാന്‍ വന്നത്.

മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നോ മറ്റൊരു ലെവലിലേക്ക് പോവണമെന്നോയുള്ള ഉദ്ദേശം കൊണ്ടല്ല ഞാനിവിടെ എത്തിയത്. ടീമിനായി മികച്ച പ്രകടനം നടത്താനും മത്സരങ്ങള്‍ വിജയിക്കാനുമാണ് ഞങ്ങള്‍ ഐ.പി.എല്‍ കളിക്കുന്നത്. ആരെങ്കിലും പറഞ്ഞത് കൊണ്ടല്ല ഞാനിവിടേക്ക് വന്നത്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണ്,’ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഭുവനേശ്വർ കുമാർ. Photo: shebas/x.com

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.

2027 ഏകദിന ലോകകപ്പില്‍ ഭുവി വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.

Content Highlight: Bhuvaneshwer Kumar talks about his come back of Indian cricket team

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more