യു.പി ടി-20 ലീഗില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനായ ഭുവനേശ്വര്‍ യു.പി ടി-20 ലീഗില്‍ 400 ഡോട്ട് ബോളുകള്‍ എറിയുന്ന ആദ്യ ബൗളറായാണ് മാറിയത്. നോയിഡ കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
മത്സരത്തില്‍ ലഖ്നൗ ഫാല്‍ക്കണ്‍സ് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 12 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഫാല്‍ക്കണ്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നോയിഡ ഇന്നിങ്സ് 17.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനായി എത്തുകയായിരുന്നു.
ഈ സീസണിലെ അഞ്ചാം മത്സരത്തിലാണ് ഭുവി ഈ നേട്ടം കൈവരിച്ചത്. ടൂര്‍ണമെന്റില്‍ നാല് സീസണുകളില്‍ 35 മത്സരങ്ങളില്‍ 124 ഓവറുകള്‍ പന്തെറിഞ്ഞ താരം 408 ഡോട്ട് ബോളുകളാണ് ഇതുവരെ എറിഞ്ഞത്.
യു.പി ടി-20 ലീഗിന്റെ ആദ്യ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 118 ഡോട്ട് ബോളുകള്‍ എറിഞ്ഞ ഭുവി രണ്ടാം സീസണില്‍ 11 മത്സരങ്ങളില്‍ 120 ഡോട്ട് ബോളുകളും സ്വന്തമാക്കി. ഭുവി ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകള്‍ എറിഞ്ഞ സീസണും ഇത് തന്നെയാണ്.
മൂന്നാം സീസണില്‍ 10 മത്സരങ്ങളില്‍ നിന്നുമായി 117 ഡോട്ട് ബോളുകളാണ് താരത്തിന്റെ സമ്പാദ്യം. ഈ സീസണില്‍ ഇതുവരെ 58 ഡോട്ട് ബോളുകളും ഭുവി എറിഞ്ഞു. നാല് സീസണുകളിലായി സ്ഥിരതയോടെ പന്തെറിഞ്ഞാണ് താരത്തിന്റെ ഈ നേട്ടം.
അതേസമയം 2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഭുവനേശ്വർ കുമാർ. Photo: shebas/x.com
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.
2027 ഏകദിന ലോകകപ്പില്‍ ഭുവി വീണ്ടും ഇന്ത്യന്‍ ജേഴ്സിയണിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
Content Highlight: Bhuvaneshwer Kumar create a new history in UP T20 league