| Wednesday, 27th May 2026, 10:41 am

ഭുവിയുടെ തീയുണ്ടയില്‍ പിറന്നത് ബെംഗളൂവിന്റെ ചരിത്രം; ഹസരംഗയ്‌ക്കൊപ്പം ഇന് ഇവനും!

ശ്രീരാഗ് പാറക്കല്‍

ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026ലെ ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനായിരുന്നു ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

ആര്‍.സി.ബിയുടെ ബൗളിങ് നിരയില്‍ ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് തകരുകയായിരുന്നു. ഡഫി മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, റാഷിഖ് സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും കൈപ്പിടിയിലാക്കയതും ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തില്‍ ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ നിന്ന് 28 റണ്‍സ് വിട്ടുനല്‍കിയാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (2), രാഹുല്‍ തെവാട്ടിയ (68) എന്നിവരെയാണ് താരം പുറത്താക്കിയത്. 7.00 എന്ന എക്കോണമിയിലാണ് താരം ബോളെറിഞ്ഞത്.

മിന്നും പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ബെംഗളൂരുവിന് വേണ്ടി ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ഭുവിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ വാനിന്ദു ഹസരംഗയ്‌ക്കൊപ്പമാണ് ഭുവി. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് ഹര്‍ഷല്‍ പട്ടേലാണ്. 2021 സീസണില്‍ 32 വിക്കറ്റുകളാണ് താരം നേടിയത്.

ബെംഗളൂരുവിന് വേണ്ടി ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങള്‍

ഹര്‍ഷല്‍ പട്ടേല്‍ – 32 (2021)

ഭുവനേശ്വര്‍ കുമാര്‍ – 26 (2026)*

വാനിന്ദു ഹസരംഗ – 26 (2022)

വിനയ് കുമാര്‍ – 23 (2013)

യുസ്വേന്ദ്ര ചഹല്‍ – 23 (2015)

അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തിവാട്ടിയ മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്‌സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 29 റണ്‍സും സായ് സുദര്‍ശന്‍ 14 റണ്‍സും നേടി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 281.82 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

Content Highlight: Bhuvaneshwar Kumar In Great Record Achievement For RCB

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more