| Monday, 6th April 2026, 7:40 am

ചെന്നൈയെ എറിഞ്ഞൊതുക്കിയവന് 'ഡബിള്‍ സെഞ്ച്വറി'; ഐ.പി.എല്‍ ചിരിത്രത്തില്‍ രണ്ടാമന്‍ ഭുവി!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ ബെംഗളൂരുവിന്റെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ കരുത്തിലാണ് ചെന്നൈ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞത്. ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ കൂടുതല്‍ വിക്കറ്റ് നേടിയത്. 41 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. എന്നിരുന്നാലും ഒരു കിടിലന്‍ നേട്ടം സ്വന്തമാക്കാനും ഭുവിക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 200+ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ഭുവി. നിലവില്‍ 192 ഇന്നിങ്‌സില്‍ നിന്ന് 202 വിക്കറ്റാണ് താരത്തിനുള്ളത്. 27.14 എന്ന ആവറേജും 7.70 എക്കോണമി റേറ്റും പേസര്‍ സ്വന്തമാക്കി. നിലവില്‍ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് ഭുവി. ലിസ്റ്റില്‍ ഒന്നാമന്‍ പഞ്ചാബിന്റെ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലാണ്. 224 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം മത്സരത്തില്‍ ഭുവനേശ്വറിന് പുറമെ ജോക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സുയാഷ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. താരം അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക് വാദ് (7), യുവ താരം ആയുഷ് മാത്രെ (1) എന്നിവരും റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടു.

മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഡേവിഡ് 25 പന്തില്‍ എട്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 29 പന്തില്‍ 50 റണ്‍സ് നേടി.ക്യാപ്റ്റന്‍ രചത് പാടിദാര്‍ 19 പന്തില്‍ 48 റണ്‍സും ഫില്‍ സാള്‍ട്ട് 46 റണ്‍സും നേടി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി 28 റണ്‍സും നേടി.

Content Highlight: Bhuvaneshwar Kumar Complete 200 IPL Wickets

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more