തിരുവനന്തപുരം: ലഹരിമരുന്ന് മാഫിയകള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കേരള പൊലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിയുടെ മാതൃക തേടി അയല്‍രാജ്യമായ ഭൂട്ടാന്‍.
ലഹരിക്കെതിരെയുള്ള കേരളത്തിന്റെ ശക്തമായ പ്രതിരോധ നടപടികളെ അഭിനന്ദിച്ച ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി ശ്രീ. ലുംഗ്ദെന്‍ ദോര്‍ജി, പദ്ധതിയുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു.
മാധ്യമ വാര്‍ത്തകളിലൂടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്റെ’ വിജയത്തെക്കുറിച്ചും പ്രവര്‍ത്തന രീതികളെക്കുറിച്ചും അറിയാന്‍ കഴിഞ്ഞതെന്ന് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയതായി ചെന്നിത്തല സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഭൂട്ടാനിലും ലഹരി ഉപയോഗവും കടത്തും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, കേരള മോഡലില്‍ അധിഷ്ഠിതമായ ഒരു സമഗ്ര പദ്ധതി ഭൂട്ടാനിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ചര്‍ച്ചയെ തുടര്‍ന്ന് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രിയെ രമേശ് ചെന്നിത്തല കേരളത്തിലേക്ക് സ്വാഗതം ചെയ്തു. നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ പദ്ധതിയുടെ സാങ്കേതിക വശങ്ങളും പ്രവര്‍ത്തന രീതികളും കൈമാറാമെന്നും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖല തകര്‍ക്കുന്നതിലും ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ‘ഓപ്പറേഷന്‍ തൂഫാന്‍’ വലിയ വിജയമാണ് നേടുന്നത്.
കേരളം വിഭാവനം ചെയ്ത ഒരു പദ്ധതി രാജ്യാതിര്‍ത്തി കടന്ന് മറ്റൊരു അയല്‍രാജ്യത്തിന് കൂടി വഴികാട്ടിയാകുന്നത് കേരളത്തിനും പ്രത്യേകിച്ച് ഓപ്പറേഷന്‍ തൂഫാന്‍ ടീമിനും വലിയ അഭിമാനകരമായ നേട്ടമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Content Highlight: Bhutan Government Looks to Replicate ‘Operation Toofan’