രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകവേഷത്തിലെത്തി 2024ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ഭ്രമയുഗം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ പകര്‍ന്നാടുന്ന മെഗാസ്റ്റാറിന്റെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു പെര്‍ഫോമന്‍സായിരുന്നു ഭ്രമയുഗമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പ്രേക്ഷകരുടെ മുന്നിലേക്കേത്തിയ ചിത്രം അന്യ ഭാഷകളിലും ഇന്ത്യയ്ക്ക് പുറത്തും ചര്‍ച്ചയായിരുന്നു. ചിത്രം ഓസ്‌കാര്‍ അക്കാദമിയിലേക്ക് പ്രദര്‍ശിപ്പിക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇപ്പോഴിതാ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളാണ് പുറത്ത് വരുന്നത്.
ഫെബ്രുവരി 12ന് (നാളെ) രാത്രി 7.30ന് ലോസ് ആഞ്ചല്‍സിലെ ഓസ്‌കാര്‍ അക്കാമദമി മ്യൂസിയത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ‘വേര്‍ ദി ഫോറസ്റ്റ് മീറ്റ്‌സ് ദ സീ’ വിഭാഗത്തിലായിരിക്കും സിനിമ പ്രദര്‍ശിപ്പിക്കുക. മാത്രമല്ല, ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ സിനിമ കൂടിയാണ് ഭ്രമയുഗം.
ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ക്രിയേറ്റീവ് ആര്‍ട്സില്‍ ഭ്രമയുഗവും പഠനവിഷയമായതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഒരു മലയാള ചിത്രം വിദ്യാര്‍ത്ഥികള്‍ക്കായി സ്‌ക്രീന്‍ ചെയ്യുന്നതും ചിത്രത്തിനെപ്പറ്റി അധ്യാപകന്‍ ക്ലാസ് എടുക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലാളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ട സിനിമ ഹോളിവുഡിലും തിളങ്ങുമെന്നാണ് ആരാധകര്‍ കരുതുന്നത്.
കഴിഞ്ഞ തവണത്തെ സംസ്ഥാനപുരസ്‌കാര വേദിയിലും ഭ്രമയുഗം തിളങ്ങിയിരുന്നു. മികച്ച നടനുള്‍പ്പെടെ നാല് അവാര്‍ഡുകളാണ് ഭ്രമയുഗം സ്വന്തമാക്കിയത്. മമ്മൂട്ടിക്ക് പുറമെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍. ആചാരി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഫെബ്രവരിയലാണ് തിയേറ്ററുകളിലെത്തിയത്.
Content highlight: Bhramayugam will be screened at the Oscars Academy tomorrow