| Thursday, 4th December 2025, 1:48 pm

ഭീമ കൊറേഗാവ് കേസ്; അഞ്ച് വര്‍ഷത്തെ വിചാരണ തടവിനൊടുവില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോംബെ: 2018 ലെ ഭീമ കൊറേഗാവ് കേസിൽ അഞ്ച് വര്‍ഷത്തെ വിചാരണ തടവിനൊടുവില്‍ ഡോ. ഹാനി ബാബുവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.

ഭീമ കൊറേഗാവ് കേസിൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആരോപിച്ചായിരുന്നു ദൽഹി സർവകലാശാല പ്രൊഫസർ ഹാനി ബാബുവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.

2020 ജൂലൈയിലായിരുന്നു ഹാനി ബാബുവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നത്. നവി മുംബൈയിലെ തലോജ ജയിലിലാണ് അദ്ദേഹത്തെ തടവിൽ വെച്ചിരുന്നത്.

ജസ്റ്റിസ് എ. എസ്. ഗഡ്ഗരി, ജസ്റ്റിസ് രഞ്ജിത് സിംഹ രാജ ഭോൺസാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യമനുവദിച്ചത്.

സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ അനുവദിക്കുന്നതിനായി പ്രോസിക്യൂഷൻ ജാമ്യത്തിനായുള്ള ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹാനി ബാബു അഞ്ച് വർഷവും ഏഴ് മാസവും തടവിലാണെന്ന് ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകാനുള്ള പ്രോസിക്യൂഷന്റെ ആവശ്യം അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. ഒരു ലക്ഷം രൂപയും ആള്‍ ജാമ്യവുമാണ് ഉപാധികള്‍.

2022 ഫെബ്രുവരിയിൽ ഹാനി ബാബുവും മറ്റ് മൂന്ന് പേരും സമർപ്പിച്ച ജാമ്യാപേക്ഷ മഹാരാഷ്ട്രയിലെ ഒരു വിചാരണ കോടതി തള്ളിയിരുന്നു. ഇതേ വർഷം സെപ്റ്റംബറിൽ ബാബുവിന്റെ ജാമ്യാപേക്ഷ തള്ളാനുള്ള വിചാരണ കോടതിയുടെ തീരുമാനം ബോംബെ ഹൈക്കോടതിയും ശരിവെച്ചിരുന്നു.

ഇതിനെ ബാബു സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഈ വർഷം ജനുവരിയിൽ, ബാബുവിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി എൻ‌.ഐ‌.എയുടെ പ്രതികരണം തേടിയിരുന്നു.

ഇതിനുപിന്നാലെ സുപ്രീം കോടതിയിൽ നിന്നുള്ള ജാമ്യാപേക്ഷ ബാബു പിൻവലിക്കുകയും ബോംബെ ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തിരുന്നു.

വിചാരണയിലെ അമിതമായ കാലതാമസം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് ബാബുവിന്റെ അഭിഭാഷകൻ യുഗ് മോഹിത് ചൗധരി വാദിച്ചിരുന്നു. ഈ ഹരജിയിലാണ് ബാബുവിന് ഇപ്പോൾ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlight: Bhima Koregaon case; Dr. Hani Babu gets bail after five years of pre-trial detention

Latest Stories

We use cookies to give you the best possible experience. Learn more