| Wednesday, 4th February 2026, 10:40 am

'പ്രേമലു' പോലെയൊരു സിനിമ എനിക്ക് ചെയ്യാൻ സാധിക്കില്ല; കംബാക്ക് എന്ന് പറയുന്നത് തന്നെ തെറ്റാണ്: ഭാവന

നന്ദന എം.സി

സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ‘കംബാക്ക്’ എന്ന പ്രയോഗത്തോടുള്ള നിലപാടുകളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ഭാവന,

നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തം ഇടം ഉറപ്പിച്ച ഭാവന, മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുന്ന ഭാവന, ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

ഭാവന, Photo: IMDb

‘കംബാക്ക്’ എന്ന വാക്ക് തന്നെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞ താരം, തന്റെ കരിയറിനെ അങ്ങനെ നിർവചിക്കുന്നത് തെറ്റാണെന്നും താൻ തനിക്ക് യോജിച്ച കഥാപാത്രങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കുകയെന്നും പ്രേമലു പോലൊരു സിനിമ തനിക്ക് ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞു.

‘എന്നെ ഒരു കഥാപാത്രത്തിലേക്ക് വിളിക്കണമെങ്കിൽ, ആ കഥാപാത്രം ഭാവന ചെയ്താൽ നന്നായിരിക്കും എന്ന് ഒരു ഡയറക്ടർക്കോ എഴുത്തുകാരനോ തോന്നണം. അങ്ങനെ തോന്നിയിട്ടാണ് അവർ എന്റെ അടുത്തേക്ക് വരുന്നത്. വരുന്ന എല്ലാ സിനിമകളും എനിക്ക് ചെയ്യാൻ കഴിയണമെന്നില്ല. എനിക്ക് വർക്ക് ആവുമെന്ന് തോന്നുന്ന കഥാപാത്രങ്ങൾ മാത്രമേ ഞാൻ തെരഞ്ഞെടുക്കൂ.

പ്രേമലു, Photo: IMDb

ശോഭനചേച്ചിയും ഉര്വശിച്ചേച്ചിയുമൊക്കെ അത്രയ്ക്കും സെലിബ്രേറ്റ് ചെയ്യപ്പെട്ട ആക്ടേഴ്‌സ് ആണ്. അവർ എല്ലാ മാസവും സിനിമ ചെയ്യുന്നില്ല. നല്ല സിനിമകൾ വരുമ്പോൾ മാത്രമാണ് അവർ അഭിനയിക്കുന്നത്. അതിന്റെ അർഥം അവർ കംബാക്കിനായി കാത്തിരിക്കുകയാണ് എന്നല്ല. അതുപോലെ തന്നെയാണ് ഞാനും,’ ഭാവന പറഞ്ഞു.

പെട്ടെന്ന് എല്ലാ തരത്തിലുള്ള റോളുകളും അഭിനയിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ‘ഇപ്പോൾ ഒരു കോളേജിൽ പഠിക്കുന്ന കുട്ടിയുടെ കഥാപാത്രത്തിനായി ആരും എന്നെ വിളിക്കില്ല. വിളിച്ചാലും ഞാൻ അത്തരം റോളുകൾ ചെയ്യില്ല. ഒരു നടി എന്ന നിലയിൽ എനിക്ക് യോജിക്കുന്ന, എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. അതിനെ കംബാക്ക് എന്ന് വിളിക്കേണ്ടതില്ല,’ ഭാവന പറഞ്ഞു.

‘ പ്രേമലു പോലൊരു സിനിമ എനിക്ക് ചെയ്യാൻ സാധിക്കില്ല. അതിൽ വ്യത്യാസമുണ്ട്. അത്തരം ക്യാരക്ടർ എനിക്ക് ചേരേണ്ട? അപ്പോളല്ലേ എന്നെ വിളിക്കുള്ളു,’ എന്നും ഭാവന കൂട്ടിച്ചേർത്തു.

Content Highlight: Bhavana talks about the term comeback.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more