| Friday, 6th February 2026, 3:40 pm

സെബാനും ഏയ്ഞ്ചലും ഒരുപാട് പേരുടെ പ്രിയപ്പെട്ട കപ്പിള്‍സ്; ഹണീ ബി മറക്കാനാകത്ത സിനിമ: ഭാവന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടി പിന്നീട് സ്വപ്‌നക്കൂട്, ഛോട്ടാ മുംബൈ, ഹണീ ബീ, ഹാപ്പി ഹസ്ബന്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഭാവന തന്റെ 22 വര്‍ഷത്തെ കരിയറില്‍ 89 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്ലബ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ താന്‍ പ്രധാനവേഷത്തിലെത്തിയ ഹണീ ബി സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമയാണ് ഹണീ ബി എന്ന് നടി പറയുന്നു.

ഹണീ ബി /Theatrical poster

‘ഹണീ ബീ സിനിമയുടെ ഒരോ ദിവസങ്ങളും ഫണ്ണായിരുന്നു. ആസിഫും ജെയ്‌നും ഞങ്ങളെല്ലാവരും ഒരേ ഏയ്ജ് ഗ്രൂപ്പിലുള്ള ആളുകളായിരുന്നത് കൊണ്ട് അതിന്റേതായ ഒരു രസം സെറ്റിലുണ്ടായിരുന്നു. എന്റെ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ ഹണിബീയുടെ ഒരു ബി.ടി.എസ് വീഡിയോ ഇപ്പോഴും അവിടെയുണ്ട്. ഒരോ ഷോട്ടിന് മുമ്പും സെറ്റില്‍ ചിരിയായിരിക്കും പിന്നെ അത് കട്ട് ചെയ്യും. ചിരി വരാതിരിക്കാന്‍ സീരിയസ് ഫേസാക്കി വരും എന്നിട്ട് പിന്നെയും ചിരിക്കും.

ഒരു സീനില്‍ എന്റെ മുന്നില്‍ നിന്ന് ആസിഫും ബാബു ചേട്ടനും കൂടി സംസാരിക്കുമ്പോള്‍ എനിക്ക് ചിരിവരുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ഭാഷ അന്നത്തെ ഒരു ട്രെന്‍ഡായിരുന്നു. എനിക്ക് തോന്നുന്നു സെബാനും ഏയ്ഞ്ചലും ഒരുപാട് ആളുകളുടെ ഫേവറിറ്റ് ഓണ്‍സ്‌ക്രീന്‍ കപ്പിളായിരിക്കും,’ ഭാവന പറഞ്ഞു.

ഹണീ ബി എപ്പോഴും മറക്കാനാകാത്ത ഒരു സിനിമയാണെന്നും അതുപോലെ ഇഷ്ടമുള്ള മറ്റൊരു സിനിമയും കഥാപാത്രവുമാണ് ഛോട്ടാ മുംബൈയെന്നും ഭാവന പറയുന്നു. ഛോട്ടാ മുബൈയ്ക്ക് വേണ്ടി താന്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചിരുന്നുവെന്നും ഛോട്ടാ മുബൈ റീ റിലീസായപ്പോള്‍ കാണികള്‍ക്കിടയിലുണ്ടായ സെലിബ്രേഷനൊക്കെ താന്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

ലാല്‍ ജൂനിയര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്. ഹണീ ബി. ആസിഫ് അലി, ഭാവന, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ , എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. സെബാസ്റ്റ്യനും ഏഞ്ചലും എന്ന രണ്ട് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥ അന്ന് മലയാളത്തിലിറങ്ങിയ ന്യൂ ജനറേഷന്‍ സിനിമകളിലൊന്നായിരുന്നു.

Content Highlight: Bhavana talks about the movie Honey Bee

We use cookies to give you the best possible experience. Learn more