| Saturday, 11th July 2026, 9:17 am

സിനിമ ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്, അവിടെ ഒരു നടിയ്ക്ക് എപ്പോഴും മുൻനിരയിൽ നിൽക്കുക എളുപ്പമല്ല: ഭാവന

നന്ദന. ടി

തന്റെ പതിനഞ്ചാം വയസ്സിൽ, 2002-ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടിയാണ് ഭാവന. പിന്നീട് ക്രോണിക് ബാച്ചിലർ, സി.ഐ.ഡി മൂസ, സ്വപ്നക്കൂട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി താരം മാറി. ഇതിനുപുറമേ തമിഴ്, തെലുങ്ക് സിനിമാലോകത്തും തന്റേതായ ഒരിടം കണ്ടെത്താൻ ഭാവനയ്ക്ക് സാധിച്ചു.

ഭാവന.photo.screen grab/youtube

അഭിനയജീവിതത്തിൽ കാൽനൂറ്റാണ്ടിലേക്ക് അടുക്കുന്ന ഭാവന തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ പഠിച്ച പാഠങ്ങൾ എന്തൊക്കെയാകാം എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ഭാവന. ബിന്ദു നായർ ആൻഡ് 30N മീഡിയക്ക് വേണ്ടി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം

‘ജീവിതത്തിന്റെ ഒരു പ്രത്യേക പോയിന്റിൽ എത്തുന്നതുവരെ ഞാൻ വിചാരിച്ചിരുന്നത് എന്റെ ജീവിതം സിനിമയുമായി മാത്രം ചുറ്റിപ്പറ്റി നിൽക്കുന്ന ഒന്നാണെന്നാണ്. അയ്യോ സിനിമ ചെയ്തില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന രീതിയിലുള്ള ഒരു ഒബ്‌സെഷൻ വന്നുപോയിരുന്നു. പക്ഷേ സിനിമ അത്ര എളുപ്പമല്ല. പല കാരണങ്ങൾ കൊണ്ട് അവസാന നിമിഷം നമുക്ക് ഉറപ്പായ പ്രോജക്ടുകൾ പോലും കൈവിട്ടുപോയേക്കാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങൾ കാരണവും സിനിമകൾ മാറിപ്പോകാം. അപ്പോഴൊക്കെ നമ്മൾ ചിലപ്പോൾ ഭയങ്കരമായി ഡിപ്രസ്ഡ് ആവുകയൊക്കെ ചെയ്യും.

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ഇൻഡസ്ട്രിയാണ് സിനിമ. എനിക്ക് അടുത്ത മാസം ഒരു ഫിക്സഡ് എമൗണ്ട് കിട്ടണം എന്നൊന്നും കരുതാൻ പറ്റില്ല. എല്ലാം നമ്മുടെ ഹാർഡ് വർക്കും ഭാഗ്യവും ഒക്കെ അനുസരിച്ചിരിക്കും. കുറേ കാര്യങ്ങളുണ്ട്, അതിൽ ചിലപ്പോൾ ഒരു സിനിമയുടെ വിജയം നിങ്ങളുടെ ജീവിതം മാറ്റാം, അതുപോലെ തന്നെ അതിന്റെ പരാജയവും നമ്മുടെ ജീവിതത്തെ മാറ്റാം.

പിന്നെ ഒരു ഫീമെയിൽ ആക്ടർ എന്ന രീതിയിൽ നമുക്ക് എപ്പോഴും റെലവന്റ് ആയിട്ട് നിൽക്കാൻ പറ്റില്ല. നമ്മൾ വിചാരിക്കുന്ന പോലത്തെ ക്യാരക്ടർസ് നമുക്ക് കിട്ടി എന്ന് വരില്ല. അവിടെ നമുക്ക് ഒരു മാർക്കറ്റ് വാല്യൂ അത്യാവശ്യമാണ്. അത് ഒരു ഫീമെയിൽ ആക്ടറെ സംബന്ധിച്ചിടത്തോളം നിലനിർത്തുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. കാരണം സിനിമ ഒരു മെയിൽ ഡോമിനേറ്റഡ് ഇൻഡസ്ട്രിയാണ്, അത് അതിന്റെ യാഥാർത്ഥ്യവുമാണ്.

ഒരു പോയിന്റ് വരെ ഇതൊക്കെ എന്നെ ബാധിക്കുമായിരുന്നു. എന്റെ കരിയറിൽ നടക്കുന്നതെല്ലാം എന്റെ ജീവിതത്തെക്കൂടി ബാധിക്കുമായിരുന്നു. എന്നാൽ പിന്നീട് എനിക്ക് മനസിലായി ഈ സിനിമ എന്ന് പറയുന്നത് എന്റെ ജീവിതമല്ല, മറിച്ച് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്. അത് തിരിച്ചറിഞ്ഞ് ഇപ്പോൾ എന്റെ മുൻഗണന ഒരു സമാധാനപരമായ, ആരോഗ്യപരമായ ജീവിതത്തിനാണ്. അതിൽ നല്ല സിനിമകളും കഥാപാത്രങ്ങളും വരുകയാണെങ്കിൽ ചെയ്യാം എന്നല്ലാതെ ഞാൻ ഇപ്പോൾ ആ റേസിൽ പങ്കെടുക്കുന്നില്ല.

എനിക്ക് തോന്നുന്നു ഫീമെയിൽ ആക്ടേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പോയിന്റിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ ചിന്തകളൊക്കെ മാറും. എന്റെ 20-കളിൽ ഒക്കെ ഇതൊക്കെ എന്നെ പെട്ടെന്ന് ബാധിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ്. ഇപ്പോൾ എല്ലാ മാസവും സിനിമ ചെയ്യണം എന്നൊന്നുമില്ല, ‘നോ’ പറയുന്ന ഒരുപാട് പ്രോജക്ടുകളുണ്ട്. നമ്മൾ അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നോ രണ്ടോ പ്രോജക്ടുകളാണെങ്കിൽ പോലും ഞാൻ ഹാപ്പിയാണ്. കാരണം സിനിമ കമ്മിറ്റ് ചെയ്തിട്ട് പിന്നെ വേണ്ടായിരുന്നു എന്ന തോന്നൽ വരാൻ പാടില്ല. ഒരുപക്ഷേ സിനിമ ഇപ്പോൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്ന തോന്നൽ കൊണ്ടായിരിക്കാം അത്,’ ഭാവന പറഞ്ഞു.

ഭാവന.photo.screen grab/youtube

Content Highlight: Bhavana talks about the lessons learned from film industry

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more