| Tuesday, 24th February 2026, 10:32 pm

ലാലേട്ടന്‍ തന്ന ആട്ടിന്‍കുട്ടി വളര്‍ന്നോ എന്ന് ഇപ്പോഴും പലരും ചോദിക്കാറുണ്ട്: ഭാവന

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമായി ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ തിളങ്ങിയ ഭാവന കന്നഡ, തമിഴ, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയയാണ്.

ജോഷിയുടെ സംവിധാനത്തില്‍ 2005 തിയേറ്ററുകളില്‍ എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് നരന്‍. മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ സിനിമയില്‍ ഭാവനയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ നരന്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന.

‘ഇപ്പോഴും ചില ആളുകളൊക്കെ വന്നിട്ട് നരന്‍ സിനിമയില്‍ ലാലേട്ടന് എനിക്ക് തരുന്ന ആട്ടിന്‍കുട്ടി വളര്‍ന്നോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇപ്പോഴും ആ സിനിമയോടും കഥാപാത്രങ്ങളോടും ഉള്ള പ്രേക്ഷകരുടെ ഇഷ്ടമാണ് അത്.

അന്ന് നരന്‍ സിനിമയുടെ കഥയൊന്നും എനിക്കറിയില്ല. എന്റെ അടുത്ത് ഇന്നതാണ് കഥ എന്നൊന്നും പറഞ്ഞിട്ടില്ല. ലീല എന്ന കഥാപാത്രത്തെ പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ.

ഞാന്‍ സീന്‍ വായിക്കുകയും ഷൂട്ട് ചെയ്യുന്നതിന് അനുസരിച്ച് അത് അവതരിപ്പിക്കുകയും ആണ് ചെയ്യുന്നത്. അന്ന് ലാലേട്ടന്‍ വെള്ളത്തില്‍ ചാടിയതൊക്കെ എന്തിനാണെന്ന് പോലും ആലോചിച്ചിട്ടില്ല,’ ഭാവന പറയുന്നു.

ആ പ്രായത്തില്‍ ഒന്നും മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നില്ലെന്നും എല്ലാവര്‍ക്കും കഥ പറഞ്ഞു കൊടുക്കുക എന്ന പതിവ് അന്ന് ഉണ്ടായിരുന്നില്ലെന്നും ഭാവന പറഞ്ഞു. അന്ന് അത്ര ഗൗരവത്തോടെ സ്‌ക്രിപ്റ്റ് കൈകാര്യം ചെയ്യാനൊന്നും അറിയില്ലായിരുന്നുവെന്നും നടി കൂട്ടിച്ചര്‍ത്തു.

അനോമിയാണ് താരത്തിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. റിയാസ് മാരാത്ത് രചനയും സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമുണ്ടായിരുന്നു.

ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത്തെ സിനിമയായെത്തിയ അനോമിയില്‍ റഹ്‌മാന്‍, അര്‍ജുന്‍ ലാല്‍, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight: Bhavana  talks about naran movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more