മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവളാണ്. നിരവധി വെല്ലുവിളികളിലൂടെ ജീവിതം പടുത്തുയർത്തിയ ഭാവന ഇന്ന് പല സ്ത്രീകൾക്കും കരുത്തായും പ്രചോദനമായും മുന്നിൽ നിൽക്കുകയാണ്.
ഇപ്പോഴിതാ കേസിലെ വിചാരണ കോടതി വിധിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഭാവന. റിപ്പോർട്ടർ ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചത്.
‘ഈ വിധി എവിടെയോ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ വിധി എനിക്ക് ഒട്ടും ഷോക്കിങ് ആയിരുന്നില്ല. പക്ഷേ ഒരു നിസഹായ അവസ്ഥയിലേക്ക് ഞാൻ പോയിരുന്നു.
ഭാവന,Photo: IMDb
നമ്മളെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഒരു മാനസിക അവസ്ഥ വന്നിരുന്നു. ഒടുവിൽ സംഭവിച്ചത് സംഭവിച്ചു, ഇനി അതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കാനാവില്ലെന്ന നിലയിലേക്കാണ് ഞാൻ എത്തിയത്,’ ഭാവന പറഞ്ഞു.
തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് പരാതി നൽകിയതെന്നും താരം പറഞ്ഞു. ‘പരാതി നൽകിയപ്പോൾ അത് മറ്റുള്ളവർക്ക് പ്രചോദനമാകും എന്ന് ഞാൻ ആലോചിച്ചിരുന്നില്ല. ആ സമയത്ത് മിണ്ടാതിരുന്നിട്ട് എന്ത് ചെയ്യാനാണ് എന്ന തോന്നലാണ് ഉണ്ടായത്. ആ സാഹചര്യത്തിൽ കൂടുതൽ ഒന്നും ചിന്തിച്ചിരുന്നില്ല,’ എന്നും ഭാവന പറഞ്ഞു.
അനോമി, Photo: IMDb
തുടർന്ന് നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ തുറന്ന് പറയുകയും പരാതികളുമായി മുന്നോട്ട് വരികയും ചെയ്തതായി താരം വ്യക്തമാക്കി. ‘അതെല്ലാം ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ആളുകൾ പറയുമ്പോൾ ഉള്ള ആ ഫീലിങ് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല,’ എന്നും ഭാവന കൂട്ടിച്ചേർത്തു.
‘ആരും ഒന്നും പുറത്തു പറയില്ലെന്ന ധൈര്യം പലരുടെയും ഉള്ളിലുണ്ട്. പക്ഷേ അത് പുറത്തുവന്ന് പ്രശ്നമാകുമെന്ന് മനസിലായാൽ കുറച്ചുപേർ എങ്കിലും ജാഗ്രതയോടെ ഇരിക്കും. അതു നല്ലതല്ലേ?’ എന്നും താരം ചോദിച്ചു.
കഴിഞ്ഞ ക്രിസ്മസിന് സർക്കാർ സംഘടിപ്പിച്ച വിരുന്നിൽ മുഖ്യാതിഥിയായും ഭാവന പങ്കെടുത്തിരുന്നു. ഭാവനയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം അനോമി ആണ്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
Content Highlight: Bhavana talks about her life and the case