സിനിമാ ലോകത്ത് അടുത്തിടെ ഏറെ വിവാദം സൃഷ്ടിച്ച വിഷയമായിരുന്നു ഈ മാസമാദ്യം പുറത്തുവന്ന ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് യഷ് നായകനാകുന്ന ടോക്‌സിക്കിന്റെ ടീസര്‍. വലിയ രീതിയില്‍ ന്യൂഡിറ്റി പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ടീസറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.
സംവിധായിക ഗീതു മോഹന്‍ദാസിനെ ലക്ഷ്യമിട്ടായിരുന്നു വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ മമ്മൂട്ടി ചിത്രം കസബയിലെ രംഗത്തിനെതിരെ ഗീതുവും, നടിമാരായ റീമ കല്ലിങ്കലും പാര്‍വ്വതി തിരുവോത്തും അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. നടി പാര്‍വ്വതിയെ നിര്‍ബന്ധിപ്പിച്ച് ചിത്രത്തിന്റെ പേര് പറയിപ്പിച്ചതടക്കം വലിയ വിവാദമായിരുന്നു. എന്നാല്‍ അന്ന് സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഗീതു ഇന്ന് തന്റെ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ സ്ത്രീയെ വെറും ലൈംഗികോപാധിയായി മാത്രമാണ് ചിത്രീകരിച്ചതെന്നായിരുന്നു ആക്ഷേപം.
Photo: KVN productiond
വിഷയവുമായി ബന്ധപ്പെട്ട് ഗീതു മോഹന്‍ദാസിന്റെ സുഹൃത്തും നടിയുമായ ഭാവന നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനോമി സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം ടോക്‌സിക്ക് ടീസറിനെക്കുറിച്ച് സംസാരിച്ചത്.
‘എനിക്ക് ആ ചിത്രത്തിന്റെ ഉളളടക്കത്തെക്കുറിച്ച് അറിയില്ല. അങ്ങനത്തെ കാര്യങ്ങള്‍ ഞാന്‍ ഗീതുവുമായി സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ഒരു ടീസര്‍ വെച്ച് എനിക്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കാനും പറ്റില്ല. ഇപ്പോള്‍ നേരിടേണ്ടി വരുന്ന വിമര്‍ശനം മുമ്പ് പറഞ്ഞ കാര്യങ്ങള്‍ കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്.
ഒരു ഹീറോ ആണെങ്കില്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും ഞാന്‍ പറയില്ല.
സിനിമ എന്ന വിഷ്വല്‍ മീഡിയെ അങ്ങനെയാണ്, നല്ലതും നടക്കുന്നുണ്ട് മോശവും നടക്കുന്നുണ്ട്. ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം നല്ല റോളുകള്‍ മാത്രമേ ഞാന്‍ ചെയ്യുള്ളൂ എന്നത് ഒരു നല്ല തീരുമാനമായി എനിക്ക് തോന്നിയിട്ടില്ല,’ ഭാവന പറഞ്ഞു.
താനിതെല്ലാം സിനിമയായിട്ടാണ് കാണുന്നതെന്നും ഇത്രയും ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ വരാന്‍ കാരണം അതിന് മുമ്പ് നടത്തിയിട്ടുള്ള പ്രസ്താവനയെ തുടര്‍ന്നാണെന്നും താരം പറഞ്ഞു. ഹോളിവുഡ് സിനിമകള്‍ കാണുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം പ്രേക്ഷകരെന്നും പണ്ട് ലിപ് കിസ്സ് ചെയ്യുന്ന സീന്‍ വന്നാല്‍ പ്രശ്‌നമുണ്ടാക്കുന്ന പ്രേക്ഷകരില്‍ നിന്നെല്ലാം ഒരുപാട് മാറ്റമുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു.
Photo: Cinema Express
റിയാസ് മാരാത്ത് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന അനോമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഭാവനക്ക് പുറമെ റഹ്‌മാന്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
സുജിത് സാരംഗ് ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഹര്‍ഷ് വര്‍ധന് രാമേശ്വരാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കിരണ്‍ ദാസാണ് സിനിമയുടെ എഡിറ്റിങ്. എറണാകുളം, പൊള്ളാച്ചി, കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Bhavana Talks about geethu mohandas film Toxic teaser controversy