| Tuesday, 10th February 2026, 12:13 pm

രണ്ടാം വാര്‍ഷികം അവിടെ നില്‍ക്കട്ടെ; പ്രേമലു 2 ഉപേക്ഷിച്ചോയെന്ന് ആരാധകര്‍, മറുപടി പറയാതെ ഭാവന സ്റ്റുഡിയോസ്

ഐറിന്‍ മരിയ ആന്റണി

ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ 2024ല്‍ ഇറങ്ങി സൂപ്പര്‍ ഹിറ്റായ ചിത്രമാണ് പ്രേമലു. നസ്‌ലെന്‍, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പ്രേക്ഷകില്‍ നിന്ന് മികച്ച പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടുകയും ചെയ്തു. കേരളത്തിന് പുറമെ അന്യഭാഷകളിലും തരംഗം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ സൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഔദ്യോഗികമായി റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെങ്കിലും സിനിമ ഉപേക്ഷിച്ചുവെന്നാണ് പല പ്രമുഖ സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ പ്രേമലു 2വിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി. 2024 ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം ഇറങ്ങിയിട്ട് ഇന്നലെ രണ്ട് വര്‍ഷം തികഞ്ഞിരുന്നു. റീനുവും സച്ചിനും മനസില്‍ കേറികൂടിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഭാവന സ്റ്റുഡിയോസ് പ്രേമലുവിന്റെ രണ്ട് വര്‍ഷങ്ങള്‍ എന്ന പോസ്റ്റ് പങ്കുവെച്ചതോടെ ചര്‍ച്ചകള്‍ വീണ്ടും കൊഴുത്തു.

ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമോയെന്ന ചോദ്യങ്ങള്‍ പോസ്റ്റിന് താഴെ നിറഞ്ഞു. പ്രേമലു2 ഉപേക്ഷിച്ചോ, സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റേ് ഉണ്ടാകുമോ, പാര്‍ട്ട് ടുവിനായി കാത്തിരിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറഞ്ഞു. എന്നാല്‍ ഇതുവരെയും ചിത്രത്തിന്റെ നിര്‍മാതാക്കളായ ഭാവസ സ്റ്റുഡിയോസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഔദ്യോഗികമായ വിവരങ്ങള്‍ തങ്ങള്‍ക്കിതുവരെയും ലഭിച്ചിട്ടില്ല, സിനിമ ഡ്രോപ്പായെന്ന വാര്‍ത്തകള്‍ താനും കേട്ടിരുന്നുവെന്നാണ് നടി മമിത ബൈജു ഇതിനോട് പ്രതികരിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം വൈകുന്നുവെന്നായിരുന്നു നിര്‍മാതാക്കളിലൊരാളായ ദിലീഷ് പോത്തന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ തിരക്കഥ നസ്‌ലെന് വര്‍ക്ക് ആവാതെ പോയതിനാല്‍ രണ്ടാം ഭാഗം ഉപേക്ഷിച്ചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുവരെയും സിനിമ ഉപേക്ഷിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

സൂപ്പര്‍ ശര്യണ്യക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന് സൂപ്പര്‍ ഹിറ്റടിച്ച ചിത്രമായിരുന്നു. മമിതിയുടെയും നസ്‌ലെന്റെയും കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു പ്രേമലു.

അതേസമയം ഗിരീഷ് എഡിയുടേതായി വരാനിരിക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ഭാവന സ്റ്റുഡിയോസ് തന്നെയാണ് നിര്‍മിക്കുന്നത്.

Content Highlight: Bhavana Studios not responding to fans asking if there will be a Premalu 2

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more