| Sunday, 1st February 2026, 10:53 pm

ഇവള്‍ ഭയങ്കര ശല്യമാണല്ലോ എന്ന് തോന്നിയതുകൊണ്ടാകാം കമല്‍ സാര്‍ എന്റെ കഥാപാത്രത്തെ കൊന്നുകളഞ്ഞത്: ഭാവന

അമര്‍നാഥ് എം.

സിനിമാലോകത്ത് രണ്ടര പതിറ്റാണ്ടിനടുത്തായി നിറഞ്ഞുനില്‍ക്കുകയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന സിനിമാലോകത്തേക്ക് കടന്നുവന്നത്. 24 വര്‍ഷത്തെ കരിയറില്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ താരത്തിന് സാധിച്ചു. പുതിയ ചിത്രമായ അനോമിയിലൂടെ നിര്‍മാതാവിന്റെ കുപ്പായവും ഭാവന അണിയുകയാണ്.

ഭാവനയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്വപ്‌നക്കൂടിലെ പദ്മ. കമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഭാവനയുടെ കഥാപാത്രം ഇന്നും മനസില്‍ വിങ്ങലുണ്ടാക്കുന്ന ഒന്നാണ്. ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നത് ഇന്നും പലര്‍ക്കും അംഗീകരിക്കാനാകാത്ത ഒന്നാണ്. സ്വപ്‌നക്കൂടിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഭാവന.

ഭാവന Photo: Screen grab/ Pearley Manney show

സിനിമയെക്കുറിച്ച് യാതൊരു ഐഡിയയുമില്ലാത്ത സമയത്താണ് സ്വപ്‌നക്കൂട് പോലുള്ള സിനിമകള്‍ ചെയ്തതെന്ന് താരം പറഞ്ഞു. ലൊക്കേഷനിലെത്തുമ്പോള്‍ സെറ്റിലുള്ളവര്‍ പറയുന്നതുപോലെയാണ് താന്‍ ചെയ്തിരുന്നതെന്നും കഥയെക്കുറിച്ചൊന്നും ചോദിക്കാറില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണിയോട് സംസാരിക്കുകയായിരുന്നു താരം.

‘അന്നൊന്നും കഥയെന്താണെന്നോ എന്റെ ക്യാരക്ടര്‍ എന്താണെന്നോ എന്നൊന്നും ചോദിക്കാറില്ല. കരയാന്‍ പറയുമ്പോള്‍ കരയും ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഡാന്‍സ് ചെയ്യും. എന്റെ ക്യാരക്ടര്‍ മരിക്കുന്നുണ്ടെന്ന് ആ സീന്‍ ഷൂട്ട് ചെയ്യുന്ന ദിവസം രാവിലെയാണ് ഞാന്‍ അറിയുന്നത്. ഫുള്‍ മേക്കപ്പ് ഇട്ട് സെറ്റിലെത്തിയപ്പോള്‍ കമല്‍ സാര്‍ പറയുകയാണ് ‘നിന്റെ ക്യാരക്ടര്‍ ഇന്ന് മരിക്കും’ എന്ന്. എന്തിനാണ് ആ കഥാപാത്രത്തെ കൊന്നതെന്ന് ഇന്നും എനിക്ക് മനസിലായിട്ടില്ല.

സ്വപ്‌നക്കൂട് Photo: Screen grab/ API Malayalam songs

ചിലപ്പോള്‍ കമല്‍ സാര്‍ മനസില്‍ വിചാരിച്ചിട്ടുണ്ടാകും ‘ശ്ശോ, ഇവള് വല്യ ശല്യമാണല്ലോ. ആ ക്യാരക്ടറിനെ അങ്ങ് കൊന്നുകളഞ്ഞേക്കാം’ എന്ന്. അങ്ങനെയാകും ആ സീന്‍ ചേര്‍ത്തിട്ടുണ്ടാവുക. അല്ലാതെ മറ്റൊരു കാരണവും ഞാന്‍ വിചാരിച്ചിട്ട് ഇതുവരെ കിട്ടിയിട്ടില്ല. കമല്‍ സാറിനോടും പലരും ചോദിച്ചിട്ടുണ്ട്, എന്തിനാണ് പദ്മയെ കൊന്നതെന്ന്. അന്ന് സിനിമയെ സമീപിച്ച രീതി അങ്ങനെയായിരുന്നു,’ ഭാവന പറയുന്നു.

ജീവിതത്തില്‍ ആദ്യമായി വിദേശത്ത് പോയത് സ്വപ്‌നക്കൂടിന്റെ സമയത്തായിരുന്നെന്നും താരം പറഞ്ഞു. വളരെ എന്‍ജോയ് ചെയ്താണ് സ്വപ്‌നക്കൂട് എന്ന സിനിമ പൂര്‍ത്തിയാക്കിയതെന്നും നല്ല ഓര്‍മകള്‍ ആ ചിത്രം സമ്മാനിച്ചിട്ടുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. കറുപ്പിനഴക് എന്ന പാട്ട് ഇപ്പോഴും ഒരുപാട് ഓര്‍മകള്‍ സമ്മാനിക്കുന്ന ഒന്നാണെന്നും താരം പറയുന്നു.

Content Highlight: Bhavana shares the memories of Swapnakoodu movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more