കല്യാണം കഴിഞ്ഞാല്‍ സിനിമയില്‍ അഭിനയിക്കുമോ എന്ന ചോദ്യം വിവാഹം കഴിഞ്ഞ ഏതൊരും നടിയും കേട്ടിട്ടുണ്ടാകുമെന്ന് നടി ഭാവന. തന്റെ ഏറ്റവും പുതിയ സിനിമയായ ‘അനോമി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ഭാവന.
‘എത്രയോ വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു പാറ്റേണ്‍ ഉണ്ട്. ഒരു നടി വിവാഹം കഴിച്ച് കഴിഞ്ഞാല്‍ പിന്നെ അഭിനയിക്കില്ല എന്ന്. എനിക്കറിയില്ല ആരാണ് അങ്ങനെ പറഞ്ഞതെന്നോ ആദ്യമായി അങ്ങനെ ചെയ്തതെന്നോ. പക്ഷേ ഇങ്ങനെ ഒരു പാറ്റേണ്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്.
ഭാവന Photo: Bhavana/ Facebook.com
അതുകൊണ്ടാണ് നിങ്ങള്‍ കല്യാണം കഴിഞ്ഞാലും അഭിനയിക്കുമോ എന്ന ചോദ്യം എപ്പോഴും ഏതൊരു നടിയുടെയും നേരേ വരുന്നത്. ആരോ തുടങ്ങി വെച്ച പാറ്റേണ്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്റെ പങ്കാളി ആദ്യം മുതലേ വളരെ സപ്പോര്‍ട്ടീവാണ്. നിനക്ക് ഇഷ്ടമാണെങ്കില്‍ സിനിമയില്‍ തുടരണം, അത് നിന്റ പ്രൊഫഷനാണ് എന്നാണ് എന്നോട് പറഞ്ഞത്,’ ഭാവന പറയുന്നു.
തന്റെ പ്രൊഫഷന്‍ ആക്ടിങ് ആണെന്നും സിനിമ ഇന്ന് ഒരുപാട് മാറിയിട്ടുണ്ടെന്നും ഭാവന പറഞ്ഞു. ആദ്യം സിനിമ ഒരു നായകനെയും നായികയെയും വില്ലനെയും ചുറ്റി പറ്റിയാണ് കിടന്നതെന്നും എന്താണ് അവിടെ സംഭവിക്കാന്‍ പോകുന്നതെന്ന് നമ്മുക്ക് അറിയാമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമകളും പണ്ട് ഉണ്ടായിരുന്നുവെന്നും ‘നായകന്‍’ ‘ഇന്നലെ പോലുള്ള സിനിമകള്‍ ഒരു പ്രേക്ഷകന് എന്ന രീതിയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
താനൊരും ആക്ടറാണെന്നും സൂപ്പര്‍ സ്റ്റാര്‍ അല്ലെന്നും തനിക്ക് വേണ്ടത് നല്ല സിനിമകള്‍ ചെയ്യുകയാണെന്നും ഭാവന പറയുന്നു. എത്രകാലമാണ് താന്‍ ജീവിച്ചിരിക്കുക എന്നറിയില്ലെന്നും അതുകൊണ്ട് ഇവിടെയുള്ളത്രയും സമയം തനിക്ക് നല്ല സിനിമകള്‍ ചെയ്യണമെന്നും ഭാവന പറഞ്ഞു.
റീ ഇന്‍ഡ്രഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ ജനുവരി 30ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് ‘അനോമി’. നവാഗതനായ റിയാസ് മാരത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ഭാവന, റഹ്‌മാന്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്.
സയന്‍സ്ഫിക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന അനോമി ഭാവനയുടെ 90ാമത് ചിത്രമമെന്ന പ്രത്യേകതയുമുണ്ട്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടചി സീരീസ് ഫിലിംസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കുമാര്‍ മംഗത്, പഥക്, അഭിഷേക് പഥക് എന്നിവരാണ്.
Content Highlight: Bhavana says the question of whether she will act in films after marriage still remains