കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങി ഹിറ്റായ ചിത്രമാണ് സ്വപ്‌നക്കൂട്. പൃഥ്വിരാജ്, മീരാജാസ്മിന്‍, കുഞ്ചാക്കോ ബോബോന്‍, ഭാവന, ജയസൂര്യ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.
സിനിമ പലര്‍ക്കും ഇഷ്ടമാണെങ്കിലും ഇപ്പോഴും ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നതിനോട് എല്ലാവര്‍ക്കും വിയോജിപ്പുണ്ടായിരുന്നു. സിനിമയുടെ ആകെ ഒരു പോരായ്മ പത്മ മരിക്കുന്നതാണെന്നും ചിത്രത്തില്‍ തങ്ങള്‍ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത രംഗം ഭാവന മരിക്കുന്നതാണെന്നുമുള്ള അഭിപ്രായങ്ങള്‍ അന്നും ഇന്നും പ്രേക്ഷകര്‍ക്കിടയിലുണ്ട്.
ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സ്വപ്‌നക്കൂടിലെ തന്റെ പത്മയെന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. ആ സിനിമ റിലീസായ സമയത്ത് തനിക്ക് ഒരുപാട് കത്തുകള്‍ വന്നിരുന്നുവെന്ന് നടി പറയുന്നു.
‘മോളെന്തിനാണ് പാറയുടെ മുകളില്‍ ഡാന്‍സ് കളിക്കാന്‍ പോയത്, ശ്രദ്ധിക്കണ്ടേ അതുകൊണ്ടല്ലേ ഇങ്ങനെ പറ്റിയത് വളരെ വിഷമമായി പോയി എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരുപാട് കത്തുകളും മറ്റും വന്നിരുന്നു.
കമല്‍ സാറിന്റെ അടുത്തും കുറെ പേര്‍ ചോദിച്ചു എന്തിനാണ് പത്മയെ കൊന്നത് എന്ന്.
പത്മ മരിക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത ഒരു മൊമെന്റിലാണ് അത് സംഭവിക്കുന്നത്. അവളുടെ ഡാന്‍സ് കണ്ടപ്പോഴേ തോന്നി താഴെ വീഴുമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. ചിന്താമണി കൊലക്കേസ് ചെയ്തപ്പോഴും കുറപേര് പലതും വന്ന് പറഞ്ഞിരുന്നു. ഒരു ദിവസം ഒരു ആന്റി കണ്ണൊക്കെ നിറഞ്ഞുകൊണ്ട് മോള്‍ ഇങ്ങനെ പാവമായാല്‍ എങ്ങനയെ ജീവിക്കാന്‍ പറ്റുക എന്നൊക്കെ ചോദിച്ചു,’ ഭാവന പറയുന്നു.
സിനിമ ആളുകളിലുണ്ടാക്കുന്ന ഇംപാക്ടിനെ കുറിച്ച് താന്‍ അപ്പോള്‍ ചിന്തിച്ചുവെന്നും സിനിമ എന്ന മീഡിയത്തിന് അത്രയുമൊരു പവറുണ്ടെന്ന് അപ്പോള്‍ മനസിലായെന്നും നടി പറഞ്ഞു. നമ്മള്‍ കരയുമ്പോള്‍ ഒരാള്‍ കരയുക, അല്ലെങ്കില്‍ നമ്മള്‍ ചിരിക്കുമ്പോള്‍ മറ്റൊരാള്‍ ചിരിക്കുകയെന്നത് വലിയൊരു കാര്യമാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
നമ്മള്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഭാവന മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 89 സിനിമകള്‍ തന്റെ കരിയറില്‍ ചെയ്തു. റീ ഇന്‍ഡ്രഡ്യൂസിങ് ഭാവന എന്ന വിശേഷണത്തോടെ വരാനിരിക്കുന്ന ഭാവനയുടെ 90ാമത് സിനിമയാണ് അനോമി.
റിയാസ് മാരത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റഹ്‌മാന്‍, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു. സിനിമ ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തും.
Content Highlight: Bhavana on her character dying in Swapankoodu