| Sunday, 12th July 2026, 9:49 am

സന്ധ്യ ഒരിക്കലും റിലേറ്റ് ചെയ്യാൻ പറ്റാത്ത കഥാപാത്രമായിരുന്നു, എന്തിനാണ് ഇങ്ങനെ എപ്പോഴും കരയുന്നത് എന്നൊക്കെ അന്ന് ചിന്തിക്കുമായിരുന്നു: ഭാവന

നന്ദന. ടി

2002-ൽ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഭാവന, പിന്നീട് നിരവധി ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി. തമിഴ്, തെലുങ്ക് സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ താരം, അഭിനയജീവിതത്തിൽ കാൽനൂറ്റാണ്ട് തികയ്ക്കാനിരിക്കെ തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണിപ്പോൾ. ഫ്രെയിംഎക്സ് സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

ഭാവന.photo.screen grab/youtube

‘എനിക്ക് അഭിനയത്തിന്റെ തുടക്കകാലങ്ങളിലൊക്കെ ചില കഥാപാത്രങ്ങളുമായി സ്വയം കണക്ട് ചെയ്യാനും റിലേറ്റ് ചെയ്യാനും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം ഞാൻ അഭിനയം തുടങ്ങുന്ന എന്റെ പതിനഞ്ച്-പതിനാറ് വയസ്സുള്ള ആ സമയത്ത് നമുക്ക് എല്ലാ ക്യാരക്ടേഴ്സും അതുപോലെ ഉൾക്കൊള്ളാൻ പറ്റില്ലായിരുന്നു. ഉദാഹരണത്തിന്, ‘സ്വപ്നക്കൂട്’ സിനിമയിൽ ഒരു സീനിൽ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണ്, അതുകൊണ്ട് അധികം മേക്കപ്പ് ഒന്നും ഇടേണ്ട എന്ന് പറയുമ്പോൾ ഞാൻ ചോദിക്കുമായിരുന്നു ‘അവർക്ക് മുൻകൂട്ടി അറിയാമോ അമ്മയ്ക്ക് വയ്യാതെ ആവാൻ പോവുകയാണെന്ന് അപ്പോൾ പിന്നെ എങ്ങനെയാ മേക്കപ്പ് കുറച്ചിട്ട് വരിക’ എന്നൊക്കെ . യഥാർത്ഥത്തിൽ അത് അങ്ങനെയാണ്. സിനിമയിൽ കാണുമ്പോൾ ആളുകൾ അങ്ങനെ വിചാരിക്കും, മേക്കപ്പ് ഒക്കെ ചെയ്തിട്ടുണ്ടല്ലോ എന്ന്.

അതുപോലെ ക്രോണിക് ബാച്ചിലർ  സിനിമയിലെ സന്ധ്യ എന്ത് പറഞ്ഞാലും കരയുന്ന ഒരു ക്യാരക്ടർ ആണ്. എനിക്ക് ഒരിക്കലും റിലേറ്റ് ചെയ്യാൻ പറ്റാത്ത ഒരു കഥാപാത്രമായിരുന്നു അത്. അപ്പോൾ ഞാൻ തന്നെ ഇങ്ങനെ വിചാരിച്ചിരുന്നു; ഇവൾ ഇങ്ങനെ കരയുന്നത് എന്തിനാണ്, മര്യാദയ്ക്ക് പറഞ്ഞാൽ പോരേ എന്ന്. പക്ഷേ അങ്ങനത്തെ ഒരു കുട്ടിയാണ്, ചെറുപ്പം തൊട്ടേ ആരുമില്ലാതെ വളർന്നതാണ് അവൾ. അതേപോലെ ദൈവനാമത്തിൽ എന്ന സിനിമയിൽ വളരെ അൺഹാപ്പി ആയിട്ടുള്ള ഒരു മാര്യേജ് ആണ്. അപ്പോൾ ഞാൻ ഇങ്ങനെ വിചാരിക്കും ഇവൾക്ക് എന്നാൽ പൊയ്ക്കൂടേ എന്നൊക്കെ. അപ്പോൾ അന്നൊക്കെ കഥാപാത്രങ്ങളെ എന്റെ പേഴ്സണൽ സൈഡിൽ നിന്നായിരുന്നു ആലോചിച്ചിരുന്നത് അതെല്ലാം ആ പ്രായത്തിന്റെ പ്രശ്നങ്ങൾ ആയിരുന്നു.

എനിക്ക് തോന്നുന്നു, ഹരിഹരൻ സാറിന്റെ കൂടെ വർക്ക് ചെയ്യുമ്പോഴായിരുന്നു കുറച്ചു ചലഞ്ചിങ് ആയിട്ട് തോന്നിയത്. ഏഴാം വരവ് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ, ഞാൻ അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. സാരിയൊക്കെ ഉടുത്ത്, വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ഒരു കഥാപാത്രമായിരുന്നു . അപ്പോൾ ഹരിഹരൻ സാറിന്റെ സിനിമ, എം.ടി സാറിന്റെ സ്ക്രിപ്റ്റ് ഇനി ഇങ്ങനത്തെ ഒരു സിനിമ ജീവിതത്തിൽ ഉണ്ടായില്ലെങ്കിലോ എന്ന് കരുതി ‘യെസ്’ പറഞ്ഞതായിരുന്നു. ആ ക്യാരക്ടറുമായിട്ട് റിലേറ്റ് ചെയ്യൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. സാർ പറയുന്നതുപോലെ തന്നെ നിൽക്കണം, ഇങ്ങനെയൊക്കെ പറയണം എന്നൊക്കെ പറയുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

അങ്ങനെ ഞാൻ ഷൂട്ടിങ്ങിന്റെ രണ്ടാമത്തെ ദിവസം പോയി പറഞ്ഞു, ‘എനിക്ക് എന്റേതായിട്ടുള്ള ചില കാര്യങ്ങൾ അഭിനയിക്കാൻ ഒരു സ്പേസ് തരാമോ എന്ന്. അപ്പോൾ സാർ ‘ഓക്കെ’ പറഞ്ഞു. അങ്ങനെ ഷൂട്ടിങ്ങിന്റെ ഒരു മൂന്നാമത്തെ ദിവസം അസ്സോസിയേറ്റ് വന്ന് അങ്ങനെ അഭിനയിക്കാൻ എന്നോട് പറഞ്ഞപ്പോൾ സാർ പറഞ്ഞു; ‘വേണ്ട, അവൾ ചെയ്തോളും’ എന്ന്. അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. കാരണം അങ്ങനെ ഒരു സ്പേസ് കിട്ടിയില്ലെങ്കിൽ നമ്മൾ ഇങ്ങനെ കൺട്രോൾഡ് ആയതുപോലെ തോന്നും.

അപ്പോൾ ഇത്തരത്തിൽ അഭിനയിച്ച സിനിമകളിൽ ഡയറക്ടർമാർ എല്ലാം തന്നെ നമുക്ക് വേണ്ട സ്പേസ് ഒക്കെ തരാറുണ്ടായിരുന്നു. പിന്നെ എന്റെ അഭിനയത്തിന്റെ തുടക്കകാലത്ത് കമൽ സാർ, സിബി സാർ, ജോഷി സാർ, സിദ്ദിഖ് സാർ എന്നീ സീനിയർ സംവിധായകരുടെ കൂടെ
വർക്ക് ചെയ്യാനുള്ള ഒരു ഭാഗ്യം കിട്ടിയിരുന്നു. അവിടുന്ന് എല്ലാം കിട്ടിയ എക്സ്പീരിയൻസ് ആയിരുന്നു ഒരു അഭിനേത്രി എന്ന രീതിയിൽ എന്നെ പിന്നീട് മോൾഡ് ചെയ്ത്കൊണ്ടുവന്നത്,’ ഭാവന പറഞ്ഞു.

ഭാവന.photo.screen grab/youtube

Content Highlight:Bhavan talks about her beginning of her carrer
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more