| Tuesday, 10th June 2025, 9:19 am

സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളന പോസ്റ്ററില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം; വിവാദമായതോടെ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തിയ നടപടി വിവാദത്തില്‍. പോസ്റ്റര്‍ ചര്‍ച്ചയായതോടെ ചിത്രം പിന്‍വലിക്കാന്‍ ജില്ല നേതൃത്വം നിര്‍ദേശം നല്‍കി.

ജില്ല സെക്രട്ടറി വി.ബി. വിനുവാണ് പോസ്റ്റര്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പാര്‍ട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേര്‍ക്കുന്നത് ശരിയല്ല എന്നും പോസ്റ്ററിനെപ്പറ്റി വിവരം കിട്ടിയ ഉടന്‍ അത് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയാതായും വി.ബി. ബിനു പറഞ്ഞു

ത്രിവര്‍ണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഈ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മണ്ഡലം കമ്മറ്റിയുടെ സോഷ്യല്‍ മീഡിയ പേജുകളിലടക്കം പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

ജൂണ്‍ 13, 14, 15 തീയതികളില്‍ കോട്ടയത്തിന് സമീപം പാക്കിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

പരിസ്ഥിതിദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ് ഭവനില്‍വെച്ച് നടത്താനിരുന്ന പരിപാടിയോടെയാണ് ഭാരതാംബ വിഷയത്തില്‍ വിവാദം ആരംഭിച്ചത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും വേണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ കൃഷി വകുപ്പ് പരിപാടി റദ്ദാക്കി. ആര്‍.എസ്.എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്ന് ചൂണ്ടിക്കാട്ടിയുമാണ് കൃഷിവകുപ്പ് പരിപാടി റദ്ദാക്കിയത്.

ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ കാവി പുതച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് മറുപടി നല്‍കുകയായിരുന്നു. ഇതോടെയാണ് വിവാദമാരംഭിച്ചത്. എന്നാല്‍ പിന്നീട് മറ്റൊരു പരിപാടിയില്‍ വെച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ കൂടെ നിന്ന ആളുകള്‍ ഭാരത് മാതാ കീ ജയ് വിളിച്ചത് വിഷയം വീണ്ടും ചര്‍ച്ചയാക്കി. ഈ വിഷയത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശനം ഉന്നയിച്ചിരുന്നു . സി.പി.ഐ.എം ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്.

Content Highlight: Bharatamba’s picture at CPI Kottayam conference; withdrawn after controversy

We use cookies to give you the best possible experience. Learn more