| Thursday, 26th June 2025, 9:54 pm

സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം; സര്‍വകലാശാലയുടെ മതനിരപേക്ഷ നിലപാട് ലംഘിച്ചു; ഡി.ജി.പിക്ക് പരാതി നല്‍കി രജിസ്ട്രാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സെനറ്റ് ഹാളില്‍ ഇന്നലെ (ബുധനാഴ്ച്ച) സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഡി.ജി.പിക്ക് പരാതി നല്‍കി സര്‍വകലാശാല രജിസ്ട്രാര്‍.

സര്‍വകലാശാലയുടെ മതനിരപേക്ഷ നിലപാട് സംഘാടകര്‍ ലംഘിച്ചു എന്ന് കാണിച്ചാണ് സംഘാടകര്‍ക്കെതിരെ രജിസ്ട്രാര്‍ പരാതി നല്‍കിയത്.

പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പായി സംഘാടകരായ ശ്രീ പദ്മനാഭ സേവ സമിതിയോട് മതപരമായ പ്രഭാഷണങ്ങളോ ചിഹ്നങ്ങളോ ചടങ്ങില്‍ ഉള്‍പ്പെടുത്തരുതെന്നടക്കമുള്ള 26 ഓളം നിബന്ധനകള്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടില്ല എന്നും പരിപാടി റദ്ദാക്കിയതായി ഉത്തരവ് പുറപ്പെടുവിച്ചിട്ടും അനുമതി ഇല്ലാതെ പരിപാടി നടത്തി എന്ന് ചൂണ്ടിക്കാട്ടിയുമാണ് ഡി.ജി.പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

സെനറ്റ് ഹാളില്‍വെച്ച് ശ്രീ പദ്മനാഭ സേവ സമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാണ്ട് എന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം സ്ഥാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

സ്റ്റേജില്‍ സ്ഥാപിച്ച കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഒഴിവാക്കണമെന്നും അത് സര്‍വകലാശാലയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്നും രജിസ്ട്രാര്‍ രേഖാ മൂലം സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംഘാടകരും പരിപാടിയില്‍ പങ്കെടുത്ത ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഈ നിര്‍ദേശം പാലിച്ചില്ല.

നിര്‍ദേശം സംഘാടകര്‍ പാലിക്കാത്തതിനാല്‍ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും ഗവര്‍ണറടക്കം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. രജിസ്ട്രാര്‍ തന്നെ നേരിട്ട് ഗവര്‍ണറെ പരിപാടി റദ്ദാക്കിയ കാര്യം അറിയിച്ചെങ്കിലും ഗവര്‍ണര്‍ പിന്മാറാന്‍ തയ്യാറായില്ല.

ചിത്രം സ്റ്റേജില്‍ നിന്ന് ഒഴിവാക്കണമെന്ന് രജിസ്ട്രാര്‍ക്ക് പുറമെ പൊലീസും സംഘാടകരെ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാതെ ചിത്രം ഒഴിവാക്കില്ലെന്ന നിലപാടില്ലായിരുന്നു സംഘാടകര്‍.

Content Highlight: Bharatamba photo at Kerala University senate hall; Registrar files complaint with DGP

We use cookies to give you the best possible experience. Learn more