| Thursday, 19th June 2025, 12:20 pm

വീണ്ടും ഭാരതാംബ വിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്‌ക്കരിച്ച് വിദ്യാഭ്യാസ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയെ ചൊല്ലി വീണ്ടും വിവാദം. രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രസ്തുത പരിപാടി ബഹിഷ്‌ക്കരിച്ച് പുറത്തിറങ്ങിയെന്നാണ് വിവരം.

രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്റ് ഗൈഡ് പരിപാടിയാണ് ശിവന്‍കുട്ടി ബഹിഷ്‌ക്കരിച്ചത്. ഇനി മുതല്‍ ഭാരതാംബയുടെ ചിത്രം സര്‍ക്കാരുമായുള്ള ഔദ്യോഗിക പരിപാടിയില്‍ ഉപയോഗിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞതിന് നേര്‍ വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിവരം.

വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നാലെ ഇതില്‍ മന്ത്രി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. പ്രസംഗവേദിയില്‍ തന്നെ മന്ത്രി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

എന്റെ രാജ്യം ഇന്ത്യയാണെന്നും ഭരണഘടനയാണ് അതിന്റെ നട്ടെല്ലെന്നും മറ്റൊരു സങ്കല്‍പ്പവും അതിന് മുകളിലില്ലെന്നും അതൃപ്തി പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. വേദിയില്‍ നിന്നുതന്നെ തന്റെ നിലപാട് വ്യക്തമാക്കിയായിരുന്നു മന്ത്രി ഭാരതാംബ ചിത്രത്തില്‍ പ്രതിഷേധം അറിയിച്ചത്.

ഇന്നലെ മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. രാജ്ഭവനെ ആര്‍.എസ്.എസ് കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന തരത്തില്‍ കടുത്ത വിമര്‍ശനം തന്നെ മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. നേരത്തെ കൃഷി വകുപ്പുമായി ചേര്‍ന്ന പരിപാടിയിലും ഗവര്‍ണര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഭാരതാംബ വിവാദം ഉടലെടുത്തത്.

പിന്നാലെ മന്ത്രിയും സി.പി.ഐ.എമ്മും സി.പി.ഐയും വിമര്‍ശനമുന്നയിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഔദ്യോഗിക പരിപാടിയില്‍ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവന്‍ പറയുകയും പിന്നാലെ മറുകണ്ടം ചാടുകയും ചെയ്തിരുന്നു. സ്വീകരിച്ച നിലപാടുകളില്‍ ഇതിനകം തന്നെ ഗവര്‍ണര്‍ യൂടേണടിക്കുകയും ചെയ്തിരുന്നു.

Content Highlight: Bharatamba controversy again; Education Minister boycotts event at Raj Bhavan

We use cookies to give you the best possible experience. Learn more