തിരുവനന്തപുരം: ഭാരതാംബ കവികളുടെയും ചിത്രകാരന്മാരുടെയും കേവലം ഭാവന മാത്രമാണെന്ന് ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ്. അത് ഭരണഘടനാപരമല്ലെന്നും ഭരണഘടനയില്‍ എവിടെയും ഭാരതാംബയെ കുറിച്ച് പറയുന്നില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍.എസ്.എസിന്റെ ചിഹ്നങ്ങളെ രാഷ്ട്രത്തിന്റെ ചിഹ്നങ്ങളാക്കി മാറ്റാനുള്ള പ്രവണ അങ്ങേയറ്റം അപലപനീയമാണ്. രാജ് ഭവനിലെ സംഭവത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് സ്വീകരിച്ച നിലപാടാണ് ശരി. രാജ് ഭവനെ ആര്‍.എസ്.എസിന്റെ പ്രചരണത്തിനായി ഉപയോഗിക്കുന്നതില്‍ രാഷ്ട്രപതിക്ക് കത്തെഴുതുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
മൂന്നാഴ്ച മുമ്പ് രാജ് ഭവനില്‍ നടന്ന ഒരു പരിപാടിയില്‍ ആര്‍.എസ്.എസ് വക്താവ് ഗുരുമൂര്‍ത്തി മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, വി.പി. സിങ് എന്നിവരെ അപമാനിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കൃത്യമായി ആര്‍.എസ്.എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ഗവര്‍ണര്‍ ഭരണഘടനാപരമായ ഒരു ചിഹ്നം മാത്രമാണെന്നും തീരുമാനങ്ങളെടുക്കേണ്ടത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടങ്ങുന്ന മന്ത്രിസഭയാണെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയിരുന്നു വര്‍ഗീസ് ജോര്‍ജിന്റെ പരാമര്‍ശം.
കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരിക്കല്‍ പോലും ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഗവര്‍ണര്‍മാരാണ് സംസ്ഥാന സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ഇന്നലെ (വ്യാഴം) രാവിലെയാണ് പരിസ്ഥിതി ദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് തിരി തെളിയിക്കലും പുഷ്പാര്‍ച്ചനയും വേണമെന്ന് രാജ് ഭവന്‍ കൃഷിവകുപ്പിനെ അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കുകയായിരുന്നു.
തുടര്‍ന്ന് രാജ് ഭവനില്‍ നടത്തേണ്ട പരിപാടി റദ്ദ് ചെയ്ത് സെക്രട്ടറിയേറ്റില്‍ നടത്തുകയും ചെയ്തു. ദര്‍ബാര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുത്തിരുന്നു.
രാജ് ഭവനിലെ പരിസ്ഥിതി ദിന പരിപാടി റദ്ദാക്കിയ കൃഷി വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരിപാടിയുടെ വിശദാംശങ്ങള്‍ കൃഷിമന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു പിന്തുണച്ചത്.
Content Highlight: Bharata matha only the imagination of poets: RJD Leader Varghese George