| Thursday, 12th February 2026, 5:39 pm

ദേശീയ പണിമുടക്ക് ഏറ്റെടുത്ത് ഇന്ത്യയിലെ തൊഴിലാളി സമൂഹം

മുഹമ്മദ് നബീല്‍

ന്യൂദൽഹി: മോദി സർക്കാർ നടപ്പിലാക്കിയ പുതിയ തൊഴിലാളിവിരുദ്ധ ലേബർ കോഡിനെതിരെയുള്ള ദേശീയ പണിമുടക്കേറ്റെടുത്ത് ഇന്ത്യയിലെ തൊഴിലാളി സമൂഹം.

സി.ഐ.ടി.യു, എ.ഐ.ടി.യു.ടി.സി, ഐ.എൻ.ടി.യു.സി അടക്കമുള്ള പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിക്കുന്ന പണിമുടക്കിൽ രാജ്യത്തുടനീളമുള്ള തൊഴിലാളികൾ അണിനിരന്നു.

കേരളത്തിന് പുറമേ ത്രിപുര, തെലങ്കാന, ഒഡിഷ, ഛത്തീസ്ഗഡ്, അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇടത് സംഘടനകളാണ് പണിമുടക്കിന്റെ അമരത്തുള്ളത്.

രാജ്യത്ത് നടപ്പാക്കിയിട്ടുള്ള നാല് ലേബർ കോഡുകളും തൊഴിലാളിവിരുദ്ധ നയങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്. നിയമപരമായി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും റദ്ദ് ചെയ്തുകളയുന്ന പുതിയനയം തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നുണ്ടെന്നും ട്രേഡ് യൂണിയനുകൾ ആരോപിച്ചു.

രാജ്യത്തിന്റെ നഗര മേഖലകൾ ബന്ദിൽ നിശ്ചലമായതായും ബാങ്കിങ്, ഇൻഷുറൻസ് മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവയിലെ തൊഴിലാളികൾ പണിമുടക്ക് ഏറ്റെടുത്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഛത്തീസ്ഗഡിലെ ബാങ്കിങ് ഉദോഗസ്ഥർ പണിമുടക്കിയതോടെ പല നാഷണൽ ബാങ്കുകളും അടച്ചിടേണ്ടിവന്നു. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ്, ഇൻഷുറൻസ് മേഖലകളിലെ ജീവനക്കാർ കർഷകരുടെയും തൊഴിലാളികളുടെയും കൂടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തു.

തമിഴ്നാട്ടിലെ തുറമുഖങ്ങളെല്ലാം നിശ്ചലമായി. പഞ്ചാബിലെ ആം ആദ്മി സർക്കാരും പണിമുടക്കിന് പിന്തുണ നൽകിയതോടെ സംസ്ഥാനം ഏറക്കുറെ നിശ്ചലമാണ്.

ഗോവയിലെ ബാങ്കിങ് ജീവനക്കാരും ദേശീയ പണിമുടക്കിന്റെ ഭാഗമായി.

അതേസമയം ദേശീയ പണിമുടക്ക് ദിവസം യു.ഡി.എഫ് നടത്തുന്ന ജാഥ തൊഴിലാളി സമരങ്ങളെ അപമാനിക്കുന്നതാണ് സി.ഐ.ടി.യു ആരോപിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കം ഈ പണിമുടക്കിനെ അനുകൂലിക്കുന്നുണ്ടെന്നും സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.

Content Highlight: Bharat Bandh affected the whole nation

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more