| Sunday, 24th August 2025, 7:00 pm

കോഹ്‌ലിയെ പോലെ അവനും ഡെഡിക്കേറ്റഡാണ്; സൂപ്പര്‍ താരത്തെ കുറിച്ച് ഭരത് അരുണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും വിരാട് കോഹ്‌ലിയെ പോലെ ഒരു ഡെഡിക്കേറ്റഡ് താരമാണെന്ന് മുന്‍ ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. ലോകത്തിലെ മികച്ച ബൗളറാവാന്‍ താരം ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോംബെ സ്‌പോര്‍ട്ടില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍.

‘തുടക്കം മുതല്‍ അവന്‍ മികച്ച വേഗതയുണ്ടായിരുന്നു. ബുംറയുടെ തനത് ബൗളിങ് ശൈലി മാറ്റാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. അത് അപൂര്‍വമാണെന്ന് മാത്രമല്ല, അവന്‍ പേസ് സൃഷ്ടിക്കാനും സഹായിച്ചിരുന്നു.

ഞങ്ങള്‍ അവനോട് ഒരു കാളയെ പോലെ ആകണമെന്ന് പറഞ്ഞപ്പോള്‍ സ്വയം മാറാന്‍ തയ്യാറായി. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ തുടങ്ങി. വിരാട് കോഹ്‌ലിയെ പോലെ അവനും ഒരു ഡെഡിക്കേറ്റഡ് താരമാണ്. ബുംറയ്ക്ക് ബര്‍ഗറും പിസയും മില്‍ക്ക് ഷെയ്ക്കും വളരെ ഇഷ്ടമായിരുന്നു. എന്നാല്‍, അവന്‍ അത് കഴിക്കുന്നത് നിര്‍ത്തി,’ ഭരത് അരുണ്‍ പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ ബുംറ ഇപ്പോള്‍ വലിയ വിമര്‍ശനം നേരിട്ട് കൊണ്ടിരിക്കുകയാണ്. അടുത്തിടെ സമാപിച്ച ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയില്‍ താരം വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ.

നിര്‍ഭാഗ്യവശാല്‍, ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒന്നില്‍ സമനിലയായിരുന്നു ഫലം. ഇതോടെയാണ് താരത്തിന് എതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നത്.

മുന്‍ താരങ്ങളടക്കം ബുംറയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു. എത്ര വലിയ താരമായാലും മുഴുവന്‍ മത്സരങ്ങളിലും കളിക്കുന്നില്ലെങ്കില്‍ ടീമിലേക്ക് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഈ വിമര്‍ശനങ്ങളുടെ കാതല്‍. ഇതിന് പിന്നാലെ ഇപ്പോള്‍ ഭാരത് അരുണ്‍ ബുംറയെ കുറിച്ച് സംസാരിക്കുന്നത്.

അതേസമയം, ജസ്പ്രീത് ബുംറ അടുത്ത മാസം തുടങ്ങുന്ന ഏഷ്യ കപ്പിനുള്ള ഒരുക്കത്തിലാണ്. താരം ടൂര്‍ണമെന്റിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

Content Highlight: Bharat Arun says that Jasprit Bumrah is a dedicated player like Virat Kohli

We use cookies to give you the best possible experience. Learn more